തിരുവനന്തപുരം : കേരള കായിക ചരിത്രത്തിന്റെ ഭാഗമാകുന്ന പ്രഥമ കേരള ഗെയിംസ് ഇന്ന് സമാപിക്കും. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗെയിംസില്‍ വുഷു മത്സരങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. വുഷു മത്സരങ്ങള്‍ മാത്രം ശേഷിക്കേ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാംപ്യന്‍ഷിപ് ഉറപ്പിച്ചു കഴിഞ്ഞു. അത്‌ലറ്റിക്‌സിലും അക്വാട്ടിക്‌സിലും തിരുവനന്തപുരത്തിന്റെ വ്യക്തമായ മേധാവിത്വമായിരുന്നു കണ്ടത്. ഓവറോള്‍ പോയന്റ് നിലയില്‍ 69 സ്വര്‍ണവും 52 വെള്ളിയും 45 വെങ്കലവും അടക്കം 166 പോയന്റ് നേടിയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. 32 സ്വര്‍ണവും 31 വെള്ളിയും 28 വെങ്കലവും അടക്കം 91 പോയന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തുണ്ട്. 17 സ്വര്‍ണവും 18 വെള്ളിയും 24 വെങ്കലവുമടക്കം 59 പോയന്റുള്ള തൃശൂരാണ് മൂന്നാമത്. 11 സ്വര്‍ണവും 12 വെള്ളിയും 23 വെങ്കലവുമടക്കം 46 പോയന്റ് നേടിയ പാലക്കാട് നാലാം സ്ഥാനത്തെത്തി. നീന്തല്‍ക്കുളത്തില്‍ നിന്ന് ഒന്‍പതു സ്വര്‍ണം നേടിയ തിരുവനന്തപുരത്തിന്റെ എം. ആദര്‍ശും അഞ്ചു സ്വര്‍ണം നേടിയ കാസര്‍ഗോഡിന്റെ ലിയാന ഫാത്തിമയുമാണ് ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവെച്ചത്. ഇന്ന് വൈകിട്ട് ആറു മണിക്ക് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഗെയിംസിന്റെ സമാപന സമ്മേളനം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയാകും. കേരള ഒളിംമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍കുമാര്‍ സ്വാഗതം പറയും മന്ത്രി ജി.ആര്‍. അനില്‍ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി വി.ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനാകും. മേയര്‍ ആര്യ രാജേന്ദ്രന്‍, ശശി തരൂര്‍ എംപി. ജേക്കബ് പുന്നൂസ് ഐപിഎസ്, സിയാല്‍ എംഡി എസ്.സുഹാസ് ഐഎഎസ്, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ എസ്.രാജീവ്, ട്രഷറര്‍ എം.ആര്‍.രഞ്ജിത്ത്, വൈസ് പ്രസിഡന്റ് എസ്.എഎന്‍.രഘുചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്. ബാലഗോപാല്‍, ജില്ലാ സ്പോര്‍ട്സ് കൗസില്‍ പ്രസിഡന്റ് എസ്.എസ്. സുധീര്‍ തുടങ്ങിയവരും സമാപനച്ചടങ്ങില്‍ പങ്കെടുക്കും. സമാപനച്ചടങ്ങിനു ശേഷം ചാരു ഹരിഹരനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറും.