തിരുവനന്തപുരം : കേരള ഒളിംപിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസ് നാളെ സമാപിക്കും. വുഷുവില്‍ മാത്രമാണ് നാളെ മത്സരമുള്ളത്. ഗെയിംസിലെ അത്ലറ്റിക്സ,് അക്വാട്ടിക്സ് മത്സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. അമ്പെയ്ത്ത്, ഫുട്ബോള്‍, ജൂഡോ, നെറ്റ് ബോള്‍, വുഷു, റഗ്ബി, വെയ്റ്റ് ലിഫ്റ്റിങ് എന്നീ ഇനങ്ങളിലാണ് ഇന്ന് മത്സരമുള്ളത്. അത്ലറ്റിക്സിലും അക്വാട്ടിക്സിലും തിരുവനന്തപുരം ജില്ല ഓവറോള്‍ ചാംപ്യന്മാരായി. ഏഴഉ സ്വര്‍ണവും ആറു വെള്ളിയും മൂന്നു വെങ്കലവും അടക്കം 56 പോയന്റ് നേടിയാണ് തിരുവനന്തപുരം അത്ലറ്റിക്സ് ചാംപ്യന്മാരായത്. രണ്ടാം സ്ഥാനത്തുള്ള ആലപ്പുഴ അഞ്ചു സ്വര്‍ണവും അഞ്ചു വെള്ളിയും രണ്ടു വെങ്കലവും അടക്കം 42 പോയന്റ് നേടി. നാലു സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവും അടക്കം 33 പോയന്റ് നേടിയ കോട്ടയമാണ് മൂന്നാം സ്ഥാനത്ത്.
അക്വാട്ടിക്സില്‍ 27 സ്വര്‍ണവും 27 വെള്ളിയും 19 വെങ്കലവുമടക്കം 522 പോയന്റ് നേടി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി തിരുവനന്തപുരം ജില്ല ഓവറോള്‍ ചാംപ്യന്മാരായി. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് ഒന്‍പതു സ്വര്‍ണവും 13 വെള്ളിയും ഒന്‍പതു വെങ്കലവുമടക്കം 283 പോയന്റാണ് നേടാനായത്. മൂന്നാം സ്ഥാനത്തുള്ള പാലക്കാട് 70 പോയന്റും നാലാം സ്ഥാനത്തുള്ള ആലപ്പുഴ 43 പോയന്റും നേടി. 35 പോയന്റുകള്‍ വീതം നേടി തിരുവനന്തപുരത്തിന്റെ എം. ആദര്‍ശും കാസര്‍ഗോഡിന്റെ ലിയാന ഫാത്തിമ ഉമ്മറും വ്യക്തിഗത ചാംപ്യന്മാരായി. വാട്ടര്‍പോളോ മത്സരത്തിലും തിരുവനന്തപുരത്തിന്റെ ആധിപത്യം തന്നെയാണ്. പുരുഷ വനിതാ വിഭാഗങ്ങളില്‍ തിരുവനന്തപുരം സ്വര്‍ണം നേടി. പുരുഷ വിഭാഗത്തില്‍ തൃശൂര്‍ വെള്ളിയും എറണാകുളം വെങ്കലവും നേടിയപ്പോള്‍ വനിതാ വിഭാഗത്തില്‍ പാലക്കാട് വെള്ളിയും വയനാട് വെങ്കലവും നേടി.