Ultimate magazine theme for WordPress.

ശ്രീലങ്കൻ നാവികസേന തമിഴ്നാട് മത്സ്യത്തൊഴിലാളികൾക്കുനേരെ വെടിയുതിർത്തു

ചെന്നൈ : ശ്രീലങ്കൻ നാവികസേന തമിഴ്നാട് മത്സ്യത്തൊഴിലാളികൾക്കുനേരെ വെടിയുതിർത്തു. നാഗപട്ടണത്ത് നിന്നും മീൻപിടിക്കാൻ പോയവർക്ക് നേരെയാണ് വെടിയുതിർത്തത്. ആക്രമണത്തിൽ നാഗപട്ടണം സ്വദേശി കലെയ്സെൽവൻ എന്ന മത്സ്യത്തൊഴിലാളിയുടെ തലയ്ക്കു പരിക്കേറ്റു. പുലർച്ചെ 1.15നാണ് സംഭവം നടന്നത്. നിലവിൽ കലെയ്സെൽവനെ നാഗപട്ടണത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാഗപട്ടണം തുറമുഖത്തുനിന്ന് ജൂലായ് 28-ന് പുറപ്പെട്ട ബോട്ടിൽ പത്തുപേരാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച അന്താരാഷ്ട്ര സമുദ്ര അതിർത്തിക്കുസമീപം കൊടിയകരായ് തീരത്ത് മീൻ പിടിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളിക്കു വെടിയേറ്റത്. സ്പീഡ് ബോട്ടിലെത്തിയ ലങ്കൻ നാവികസേനയുടെ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ 1.15-ന് ശ്രീലങ്കൻ നാവികസേന തങ്ങളുടെ ബോട്ടുവളഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തങ്ങൾ സമുദ്രാതിർത്തി ലംഘിച്ചെന്നു പറഞ്ഞ ഉദ്യോഗസ്ഥർ ഉടൻ അവിടെനിന്നു തിരിച്ചുപോകാൻ പറഞ്ഞതായും മത്സ്യത്തൊഴിലാളികൾ കൂട്ടിച്ചേർത്തു.

മേഖലയിലുള്ള ഒട്ടേറെ ബോട്ടുകൾക്കുനേരെ ശ്രീലങ്കൻ സേന വെടിയുതിർത്തു. ആദ്യം അവർ ബോട്ടുകൾക്കുനേരെ കല്ലെറിയുകയും പിന്നീട് വെടി വെക്കുകയുമായിരുന്നു. ബുള്ളറ്റുകളിലൊരെണ്ണം ബോട്ടിൽ തുളച്ചുകയറുകയും കലെയ്സെൽവന്റെ തലയിൽ തറയ്ക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ അബോധാവസ്ഥയിലായി-ബോട്ടിലുണ്ടായിരുന്ന ദീപൻരാജ് എന്ന മത്സ്യത്തൊഴിലാളിയെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോർട്ടുചെയ്തു.

Leave A Reply

Your email address will not be published.