EBM News Malayalam

കൊല്ലം ജില്ലയുടെ തീരത്ത് സമീപദിവസങ്ങളിൽ തിരയോടൊപ്പം കരക്കടിഞ്ഞ പത ദോഷകരമല്ലന്ന് കുഫോസ് പഠനം.

7

കൊല്ലം: കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ പത സ്വാഭാവിക പ്രതിഭാസം മാത്രമാണെന്ന് കുഫോസ് പഠനം കണ്ടെത്തി. ഇത് തീരദേശവാസികൾക്ക് ആശങ്കയ്ക്ക് ഇടയാക്കുന്ന സാഹചര്യം ഇല്ലെന്നാണ് കേരള യൂണിവെഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്‍ സ്റ്റഡീസ് (കുഫോസ്) നടത്തിയ പഠനത്തില്‍ വ്യക്തമായത്. കുഫോസ് സംഘം പത കണ്ടെത്തിയ കൊല്ലത്തിന്റെ തീരദേശ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിച്ചാണ് ശാസ്ത്രീയ നിഗമനത്തിലെത്തിയത്.
ജലത്തിനൊപ്പം ചെളിയുടെ സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കി. ശക്തമായ കാറ്റ്, തിരമാല എന്നിവ കാരണം ജൈവ വസ്തുക്കള്‍ കലങ്ങിയാണ് പതയായി രൂപം കൊണ്ടത്. അമിത അളവില്‍ മാലിന്യം കലര്‍ന്നതും കാരണമായി. ബ്രേക്ക് വാട്ടര്‍ പ്രദേശത്താണ് ഈ സാഹചര്യം കൂടുതലായി കണ്ടെത്തിയത്.
കാര്‍ബോ ഹൈഡ്രേറ്റ്, ഫ്രീ അമിനോ ആസിഡ്, ഓര്‍ഗാനിക് നൈട്രജന്‍, നോക്ടിലൂക്കാ, പ്ലവഗങ്ങള്‍ എന്നിവ അമിത അളവില്‍ ജലത്തില്‍ കലങ്ങിയിട്ടുണ്ട്. ഓര്‍ഗാനിക് കാര്‍ബണ്‍, നൈട്രൈറ്റ്, അമോണിയ എന്നിവയും ക്രമാതീതമായി ചെളിയിലും ജലത്തിലും കലര്‍ന്നു. അമ്ലഗുണം ഏറുന്ന സാഹചര്യമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ പതയില്‍ വിഷമയമില്ല എന്ന് ഈ ഘട്ടത്തില്‍ ഉറപ്പിക്കാം. വിശദമായ തുടര്‍ പഠനം ഉണ്ടാകും എന്നും കുഫോസ് ഗവേഷണ സംഘം വ്യക്തമാക്കി.
പ്രഫസര്‍മാരായ ഡോ എസ് സുരേഷ് കുമാര്‍, ഡോ എസ് എം റാഫി, ഡോ ബേസില്‍ മാത്യു, സിന്‍ഡിക്കറ്റ് അംഗം ബെയ്‌സില്‍ ലാല്‍ ഹ്യൂബര്‍ട്ട്, ഗവേഷകരായ ഡോ ആര്‍ ഗിരീഷ്, എസ് അതുല്‍, എസ് സുദര്‍ശന്‍, നിഖില്‍, ഋഷികേശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഷിബു വഞ്ചിയിൽ
റിപ്പോർട്ടർ

Leave A Reply

Your email address will not be published.