സ്വര്‍ണ്ണം തുറമുഖങ്ങള്‍ വഴി ഇന്ത്യയിലേക്ക് കടത്തിയ കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ പിടിയില്‍
കൊച്ചി: ദുബായിയില്‍ നിന്നും 1473 കോടി രൂപയുടെ സ്വര്‍ണ്ണം തുറമുഖങ്ങള്‍ വഴി ഇന്ത്യയിലേക്ക് കടത്തിയ കേസില്‍ മുഖ്യ പ്രതികളിലൊരാളായ വി ഇ സിറാജ് പിടിയിലായി. എറണാകുളം ബ്രോഡ് വെയിലെ വ്യാപാരിയും സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയുടെ സുഹൃത്തുമാണിയാള്. സിറാജിനെ എറണാകുളം എളമക്കരയിലെ വീട്ടില്‍ നിന്നാണ് സംഘം പിടികൂടിയത്.
കഴിഞ്ഞ മാര്‍ച്ചിലാണ് പെരുമ്പാവൂരിലെ നിസാര്‍ അലിയെ 185 കിലോ സ്വര്‍ണ്ണക്കട്ടികളുമായി റവന്യു ഇന്റലിജന്‍സ് മുംബൈയില്‍ പിടികൂടിയത്. ഇതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് സംഘത്തെക്കുറിച്ച് ഡിആര്‍ഐയ്ക്ക് വിവരങ്ങള്‍ ലഭിക്കുന്നത്.
തുടര്‍ന്ന് 2017 ജനുവരി മുതല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ 1473 കോടി വിലമതിക്കുന്ന 4522 കിലോ സ്വര്‍ണം പെരുമ്പാവൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ നിന്ന് കടത്തിയതായാണ് ഡിആര്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിസ്സാര്‍ അലിയടക്കം 21 പേരെ പ്രതി ചേര്‍ത്താണ് പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് മുംബൈ ഡിആര്‍ഐ സംഘത്തിന്റെ അന്വേഷണം നടക്കുന്നത്. അതേസമയം 16 പേര് ഇതിനകം അറസ്റ്റിലായിട്ടുണ്ട്.