Ultimate magazine theme for WordPress.

മലപ്പുറത്ത് വീടിന്റെ ടെറസില്‍ കഞ്ചാവുചെടി വളര്‍ത്തിയ സിവില്‍ എന്‍ജിനിയര്‍ അറസ്റ്റിലായി

മലപ്പുറം: മലപ്പുറം എടക്കര ഉപ്പട ഗ്രാമത്തില്‍ വീടിന്റെ ടെറസില്‍ കഞ്ചാവുചെടി വളര്‍ത്തിയ സിവില്‍ എന്‍ജിനിയര്‍ അറസ്റ്റിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയും സംഘവും ഇയ്യക്കാടന്‍ അരുണ്‍കുമാറി(30) ന്റെ വീടിന്റെ ടെറസിന് മുകളില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഇയളുടെ പോത്തുകല്ലില്‍ പുഴയോരത്ത് കഞ്ചാവു ചെടി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസില്‍ വളര്‍ത്തിയ കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്.

സിവില്‍ എന്‍ജിനീയറായ അരുണ്‍കുമാര്‍ തൃശൂരില്‍ ഡയറി ഫാം നടത്തിവരികയാണ്. ഇതിനിടയിലാണ് പ്ലാസ്റ്റിക് പാത്രത്തില്‍ പാകി കിളിര്‍പ്പിച്ച നടാന്‍ പാകത്തിനുള്ള അന്‍പത്തിയഞ്ച് തൈകളും സമീപത്തായി പച്ചക്കറിക്കൃഷി നടത്തുന്നതിനിടയില്‍ കൃഷിചെയ്ത രണ്ട് തൈകളുമടക്കം അന്‍പത്തിയേഴ് തൈകള്‍ സംഘം പിടിച്ചെടുത്തത്.

പ്ലാസ്റ്റിക് പാത്രത്തിലുള്ള തൈകള്‍ക്ക് ആറുമുതല്‍ പതിനഞ്ച് സെന്റീമീറ്റര്‍ വരെ ഉയരവും സമീപത്തുണ്ടായിരുന്ന രണ്ട് തൈകള്‍ക്ക് പതിനഞ്ച് സെന്റീമീറ്റര്‍ ഉയരവുമാണ് ഉള്ളത്. തുടര്‍ന്ന് പോത്തുകല്‍ എസ്.ഐ: കെ അബ്ബാസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അരുണ്‍കുമാറിനെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഞ്ചാവ് തൈകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

Comments are closed.