Ultimate magazine theme for WordPress.

കളിയിക്കാവിള കേസിലെ പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം : കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എ.എസ്.ഐയെ വെടിവച്ച് കൊന്ന കേസില്‍ അഞ്ചുപേരെ തെന്മലയില്‍ നിന്നും രണ്ടു പേരെ തിരുനെല്‍വേലിയില്‍ നിന്നുമായി പിടികൂടി. തിരുനെല്‍വേലി സ്വദേശികളായ ഹാജ, അഷറഫ്,ഷേക്ക് പരീത്, നവാസ്, സിദ്ധിഖ് എന്നിവരെയാണ് കൊല്ലം റൂറല്‍ പൊലീസിന്റെയും തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെയും സംയുകത പരിശോധനയില്‍ തെന്‍മലയില്‍ നിന്നും പിടികൂടിയത്.

കൂടാതെ കന്യാകുമാരിയിലെ ഹിന്ദു മുന്നണി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തിരുനെല്‍വേലി മേല്‍പ്പാളയം സ്വദേശി ബിസ്മി നൗഷാദ്,തെങ്കാശി സ്വദേശി ഹനീഫാ എന്നിവരാണ് തിരുനെല്‍വേലിയില്‍ നിന്ന് പിടിയിലായത്. എന്നാല്‍ കേസിലെ മുഖ്യപ്രതികളായ അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

ഇന്നലെ വൈകിട്ട് 3.55ന് പാലരുവിക്ക് സമീപം നിസാന്‍ സണ്ണി കാറില്‍ സഞ്ചരിക്കുന്നതിനിടെ കൊല്ലം റൂറല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്ന് തെങ്കാശി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. അതേസമയം കൊല ചെയ്ത ശേഷം അബ്ദുള്‍ ഷമീമും തൗഫീക്കും ഇവരെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തില്‍ പ്രതികള്‍ ആര്യങ്കാവ് ഭാഗത്തുണ്ടെന്ന സൂചന ലഭിച്ചു. സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ് നവാസ്.

മറ്റു നാലുപേരും നവാസിന്റെ സംഘത്തിലുള്ളവരാണ്. അതേസമയം തമിഴ്‌നാട് ക്യൂ ബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടിഎന്‍ 22 സികെ 1377 എന്ന നമ്പര്‍ കാറില്‍ സഞ്ചരിച്ചിരുന്ന പ്രതികളെ കണ്ടെങ്കിലും ആയുധങ്ങള്‍ കൈയ്യിലുണ്ടാകുമെന്ന സംശയത്തില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനായിരുന്നു ശ്രമം. ഏറെ നേരം പിന്തുടര്‍ന്ന ശേഷം കൂടുതല്‍ പൊലീസിന്റെ സഹായത്തോടെ തെന്മല പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപം ലോറി കുറുകെയിട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടയുകയായിരുന്നു.

Comments are closed.