Ultimate magazine theme for WordPress.

ഗര്‍ഭിണിയായ പതിനേഴുകാരിയും മാതാപിതാക്കളും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: തലയോലപ്പറമ്പ് വെള്ളൂരില്‍ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിനേഴുകാരിയും മാതാപിതാക്കളും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ സ്വന്തം മുറിയിലും, മാതാപിതാക്കളെ മറ്റൊരു മുറിയിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇറുമ്പയം സ്വദേശി ജിഷ്ണുദാസിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു.

തുടര്‍ന്ന് പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ ഡോക്ടര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ സഹോദരി പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു കുടുംബം.

ഇതിനിടെയാണ് പെണ്‍കുട്ടി ജിഷ്ണുദാസുമായി അടുക്കുന്നത്. മറ്റാരുമില്ലാത്ത സമയങ്ങളില്‍ ഇയാള്‍ വീട്ടിലെത്തിയിരുന്നതായി പൊലീസ് പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതിലുള്ള മനോവിഷമവും തുടര്‍ന്നുണ്ടായ കേസും സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യയ്ക്കുള്ള കാരണമെന്നാണ് വിവരം. പൊലീസെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

Comments are closed.