50,000 രൂപയും മദ്യവും കൈപ്പറ്റുന്നതിനിടെ എസ്.ഐയെ അഴിമതി വിരുദ്ധ വിഭാഗം പിടികൂടി
ഹൈദരാബാദ്: ഹൈദരാബാദിലെ സമ്പന്നര്‍ താമസിക്കുന്ന ജൂബിലി ഹില്‍സില്‍ 34,000 രൂപയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബിസിനസുകാരനെ സ്റ്റേഷന് ജാമ്യത്തില്‍ വിടാന്‍ 50,000 രൂപയും മദ്യവും കൈപ്പറ്റുന്നതിനിടെ എസ്.ഐയെ അഴിമതി വിരുദ്ധ വിഭാഗം പിടികൂടി. എസ്.ഐയും സീനിയര്‍ ഓഫീസറും ആവശ്യപ്പെട്ടത് ഒരുലക്ഷം രൂപയും രണ്ട് കുപ്പി വിദേശമദ്യവുമായിരുന്നു.
അവസാനം 50,000 രൂപയും രണ്ട് കുപ്പി മദ്യവും എന്ന നിലയില്‍ അവര്‍ ഒത്തുതീര്‍പ്പിനെത്തി. ബിസിനസുകാരന്റെ കാറില്‍ വച്ച് പണം കൈമാറുന്നതിനിടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ പിടിവീഴുകയായിരുന്നു. എസ്.ഐ പി സുധീര്‍ റെഡ്ഡിയാണ് അറസ്റ്റിലായത്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന ഓഫീസര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബിസിനസുകാരനെതിരെ ഒരു ബ്യൂട്ടി സലൂണ്‍ ഉടമയാണ് കേസ് കൊടുത്തത്. ബ്യൂട്ടി സലൂണില്‍ ഇയാളുടെ ഭാര്യ നടത്തിയ ബ്യൂട്ടി ട്രീറ്റ്മെന്റുകളുടെ ഫീസായ 34,000 രൂപ കൊടുത്തില്ലെന്നായിരുന്നു പരാതി.