EBM News Malayalam
Leading Newsportal in Malayalam

ഇതുപോലൊരു അന്വേഷണം അന്ന് ജസ്‌നയുടെ കാര്യത്തില്‍ ഉണ്ടായില്ല, അബിഗേല്‍ സാറയെ കണ്ടെത്തിയതില്‍ സന്തോഷം: ജസ്‌നയുടെ പിതാവ്



എരുമേലി: കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവച്ച് എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌നയുടെ പിതാവ് ജയിംസ്. ആറുവയസുകാരി അബിഗേലിനെ കാണാതായത് മുതല്‍ താന്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നുവെന്നും കുട്ടിയെ തിരികെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ജയിംസ് പറഞ്ഞു. കുട്ടിയെ കാണാതായെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ താന്‍ മകള്‍ ജസ്‌നയെ ഓര്‍ത്തു എന്നും രാത്രി മുഴുവന്‍ വിഷമത്തിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തീരെ ഉറങ്ങിയിരുന്നില്ല. മുഴുവന്‍ സമയവും ടിവി കണ്ടിരുന്നു. കുട്ടിയെ തിരികെ കിട്ടണേയെന്ന പ്രാര്‍ത്ഥനയായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴായിരുന്നു കുട്ടിയെ തിരികെ കിട്ടിയ വാര്‍ത്ത അറിഞ്ഞത്. വളരെ സന്തോഷമുണ്ട്. വ്യാജ വാര്‍ത്തകളൊന്നും പുറത്തുവിടാതെ കൃത്യമായ അന്വേഷണം നടത്തിയെന്നും ജയിംസ് കൂട്ടിച്ചേർത്തു. എന്നാല്‍, ഇതുപോലൊരു അന്വേഷണം അന്ന് ജസ്‌നയുടെ കാര്യത്തില്‍ ഉണ്ടായില്ല. അന്ന് ഒരുപാട് വ്യാജ വാര്‍ത്തകള്‍ വരുകയും അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തു. അതുകൊണ്ടാണ് ജസ്‌നയെ തിരികെ കിട്ടാതെ പോയതെന്നും ജയിംസ് പറഞ്ഞു.

സൗദിയില്‍ നഴ്‌സുമാര്‍ക്ക് അവസരം, നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു: അഭിമുഖം ഓണ്‍ലൈനിലൂടെ

എരുമേലി സ്വദേശിനിയായ ജസ്‌ന ജയിംസിനെ 2018 മാര്‍ച്ച് 22ന് ആണ് കാണാതായത്. വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് അറിയിച്ചാണ് ജസ്‌ന പോയത്. വെച്ചൂച്ചിറയിലെ വീട്ടില്‍ നിന്ന് ജസ്‌ന എരുമേലി വരെ എത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട് ജസ്‌ന എങ്ങോട്ട് പോയെന്നോ എന്ത് സംഭവിച്ചെന്നോ അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.