EBM News Malayalam
Leading Newsportal in Malayalam

ജയിലറെ കുറിച്ച് മോശം റിവ്യൂ: ചെന്നൈയില്‍ യുവാക്കളെ വളഞ്ഞിട്ട് തല്ലി ആരാധകര്‍



ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രമായ ജയിലര്‍ക്കെതിരെ മോശം റിവ്യു പറഞ്ഞ രണ്ട് യുവാക്കളെ വളഞ്ഞിട്ട് തല്ലി ആരാധകര്‍. ചെന്നൈയിലെ ക്രോംപേട്ട് മേഖലയിലെ വെട്രി തിയേറ്ററില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ചിത്രത്തെ കുറിച്ച് ഇവര്‍ നെഗറ്റീവ് റിവ്യൂ പറഞ്ഞത്. ആദ്യ ഷോ കഴിഞ്ഞാല്‍ സാധാരണ സംഭവിക്കുന്ന കാര്യമാണിത്.

മാധ്യമപ്രവര്‍ത്തകര്‍ പ്രേക്ഷകരില്‍ നിന്ന് ആദ്യ പ്രതികരണമെന്ന നിലയില്‍ സിനിമയെ കുറിച്ച് ചോദിക്കാറുണ്ട്. എന്നാല്‍ ഈ യുവാക്കള്‍ സിനിമ ഇഷ്ടമായില്ലെന്ന് പറഞ്ഞ് കൊണ്ടിരിക്കെയാണ് പ്രശ്‌നങ്ങളുണ്ടായത്. സിനിമ എങ്ങനെയുണ്ടെന്ന് ആദ്യ ഷോ കണ്ട ഇവരോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. അവര്‍ ചിത്രത്തെ കുറിച്ച് അഭിപ്രായം പറയുന്നതിനിടെയായിരുന്നു ആക്രമണം. ഈ രണ്ട് പേരും ദളപതി വിജയ് ആരാധകര്‍ ആണെന്നായിരുന്നു ആക്രമിക്കാനുള്ള കാരണമായി രജനി ആരാധകര്‍ പറഞ്ഞത്.

രജനീകാന്തിന്റെ പടത്തെ മോശമായി കാണിക്കാന്‍ വേണ്ടി മാത്രമാണ് ഈ പരാമര്‍ശങ്ങളെന്നും ആരാധകര്‍ പറഞ്ഞു.നേരത്തെ സോഷ്യല്‍ മീഡിയയില്‍ രജനീകാന്ത്-വിജയ് ആരാധകര്‍ തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ രജനീകാന്ത് നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു വിജയ് ആരാധകര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്.