കണ്ണനല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ വയോധികൻ അറസ്റ്റിൽ. നെടുമ്പന പുന്നൂർ പനയിൽ വീട്ടിൽ അബ്ദുൽ ലത്തീഫാണ് (72) കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. പോക്സോ നിയമപ്രകാരം ആണ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ പുറകേ നടന്ന് ശല്യം ചെയ്യുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. സ്കൂളിൽ നിന്ന് മടങ്ങി വരുന്നതിനായി കാത്തുനിന്ന ഇയാൾ ലൈംഗികാതിക്രമം ആവർത്തിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
കണ്ണനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കണ്ണനല്ലൂർ ഇൻസ്പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ നജ്മുദ്ദീൻ, എസ്.സി.പി.ഒ പ്രജീഷ്, സി.പി.ഒമാരായ ലാലു, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.