മനാമ: ഹണിമൂണിനെന്ന പേരിൽ നവവധുവിനെ ബഹ്റൈനിലെത്തിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ മൂന്നുപേർക്ക് പത്തുവർഷം തടവുശിക്ഷ. ബഹ്റൈൻ കോടതിയാണ് സിറിയക്കാരായ മൂന്നുപേർക്ക് ശിക്ഷ വിധിച്ചത്. യുവതിയുടെ ഭർത്താവും ഇയാളുടെ ആദ്യഭാര്യയിലെ മകനും ഇവരുടെ സഹായിയുമാണ് പ്രതികൾ. 25കാരിയായ യുവതിയാണ് പെൺവാണിഭത്തിന് ഇരയായത്.
39 വയസുള്ള ഭർത്താവ് പലർക്കും കാഴ്ച വച്ച് പണം വാങ്ങാൻ ശ്രമിക്കുകയായിരുന്നു. സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസിൽ വിവരമറിയിച്ചതോടെയാണ് പ്രതികൾ അറസ്റ്റിലായത്. ഇയാളുടെ ആദ്യ വിവാഹത്തിലെ മകനായ 18കാരനും ഇവരുടെ കുടുംബസുഹൃത്തായ 49 കാരനും കേസിൽ പിടിയിലായിരുന്നു. സിറിയയിൽ നടന്ന വിവാഹത്തിന് ശേഷം ഹണിമൂൺ ട്രിപ്പിനെന്ന പേരിലാണ് യുവതിയെ ഭർത്താവ് ബഹ്റൈനിലേക്ക് കൊണ്ടുവന്നത്.
സെപ്തംബർ 18ന് ബഹ്റിനിൽ എത്തിയ ഇവർ ജുഫൈറിലെ ഒരു ഹോട്ടലിലെത്തിച്ച ശേഷം യുവതിയെ തടഞ്ഞുവച്ചു. ഭീഷണിപ്പെടുത്തുകയും അപരിചിതരായ ആളുകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അവിടെ നിന്ന് രക്ഷപ്പെട്ട യുവതി ബഹ്റൈൻ പൊലീസിനെ സമീപിച്ച് സംഭവങ്ങൾ അറിയിക്കുകയായിരുന്നു. ശിക്ഷാകാലാവധിക്ക് ശേഷം മൂന്നുപേരെയും നാട് കടത്തും.