EBM News Malayalam

ഒന്നിച്ചു നിന്നാല്‍ ദുരിതം അതിജീവിക്കാം : മുഖ്യമന്ത്രി

വയനാട്: കനത്ത മഴയില്‍ വലിയ നാശം വിതച്ച വയനാട്ടിലെ പുത്തുമലയും മലപ്പുറത്തെ കവളപ്പാറയും സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. രാവിലെ 11 മണിയോടെ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി താമസക്കാരോട് സംസാരിക്കുകയും ഒന്നിച്ചു നിന്നാല്‍ ദുരിതം അതിജീവിക്കാമെന്നും രക്ഷാ പ്രവര്‍ത്തനത്തിനാണ് ആദ്യ ശ്രദ്ധ വേണ്ടതെന്നും അവരോട് പറഞ്ഞു. ആദ്യം രക്ഷാപ്രവര്‍ത്തനവും പിന്നീട് പുനരധിവാസവുമാണ് ലക്ഷ്യം.

വീട്ടില്‍ നിന്ന് ഇറങ്ങിവന്നവര്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നു. എന്നാല്‍ കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്നാഥ് ബഹ്റ, ചീഫ് സെക്രട്ടറി ടോം ജോസഫ്, റവന്യൂ സെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. വയനാട് പുത്തുമലയിലും കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം തുടരുമ്പോള്‍ ഇനിയും ഏഴ് പേരെയാണ് കണ്ടെത്താനുള്ളത്.

കവളപ്പാറയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ നിന്നും 20 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 39 പേരെയാണ് ഇവിടെ നിന്നും കണ്ടെത്താനുള്ളത്. ഇന്നലെ നടന്ന തെരച്ചിലില്‍ ആറുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. റോഡ് മാര്‍ഗ്ഗം പുത്തുമലയിലെയും കവളപ്പാറയിലെ ദുരന്തസ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കുമെന്നാണ്് വിവരം.

Comments
Loading...