EBM News Malayalam

അശോകിന്റെ മരണത്തിന് ഉത്തരവാദികള്‍ സവര്‍ണ്ണ ജാതിയില്‍ പെട്ടവര്‍

തിരുനെല്‍വേലി: ദളിതരെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതും ഉപദ്രവിക്കുന്നതും ചോദ്യം ചെയ്തതിന് ക്രൂരമായ മര്‍ദ്ദനത്തില്‍ ഇന്നലെ കൊല്ലപ്പെട്ട ദളിത് ഡി.വൈ.എഫ്.ഐക്കാരന്‍ അശോകിന്റെ മരണത്തിന് ഉത്തരവാദികള്‍ സവര്‍ണ്ണ ജാതിയില്‍ പെട്ടവരെന്ന് റിപ്പോര്‍ട്ട്. ഈ പ്രദേശത്തെ ഉയര്‍ന്ന ജാതിയായ ‘മരവര്‍’ വിഭാഗത്തില്‍ പെട്ടവരാണ് ബുധനാഴ്ച്ച വടികളും ആയുധങ്ങളുമായെത്തി അശോകിനെ ആക്രമിച്ചത്. ഗംഗൈകൊണ്ടയിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിലാണ് അശോക് ജോലി ചെയ്തിരുന്നത്.ജോലി കഴിഞ്ഞ് തന്റെ വീട്ടിലേക്ക് ബസില്‍ വന്നിറങ്ങിയതായിരുന്നു അശോക്. കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന് അശോകിന്റെ കുടുംബവും അറിയിച്ചു. ഈ പ്രദേശത്തെ ദളിതര്‍, മറവര്‍ താമസിക്കുന്നതിന്റെ അടുത്തുകൂടെ പോകുമ്പോഴൊക്കെ ഉന്നതജാതിക്കാരായ ഇവര്‍ അവരെ പരിഹസിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിരുന്നു. കുറ്റവാളികളെ കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മധുരൈ-തിരുനല്‍വേലി ദേശീയ പാത ഉപരോധിച്ചിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന ഘടകവും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Comments
Loading...