Ultimate magazine theme for WordPress.

യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌ഹൈസര്‍ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ എത്തും

ദില്ലി: ഇന്ത്യ -അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ നടത്തുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌ഹൈസര്‍ ഫെബ്രുവരി രണ്ടാം വാരത്തില്‍ ഇന്ത്യയില്‍ എത്തും. ട്രംപിന്റെ സന്ദര്‍ശനം നിലവില്‍ വാഷിംഗ്ടണില്‍ നടന്നുകൊണ്ടിരിക്കുന്ന ഇംപീച്ച്മെന്റ് വിചാരണയ്ക്കിടയിലായിരിക്കാം.

എന്നാല്‍ സാക്ഷികളുടെ ഒരു നീണ്ട നിര ആഴ്ചകളിലോ മാസങ്ങളിലോ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് സാധ്യത. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ വ്യാപാരക്കരാറില്‍ ഒപ്പ് വയ്ക്കാനാകുമെന്നാണ് ഇരു രാജ്യങ്ങളും കരുതുന്നത്. തുടര്‍ന്ന് പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ യുഎസുമായി പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ കരാറുകള്‍ ഉണ്ടായേക്കും.

ദില്ലിയും വാഷിംഗ്ടണും സാധ്യമായ ഇടപാടിന്റെ രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ ഉപകരണങ്ങളുടെ വില നിര്‍ണ്ണയ സംവിധാനത്തില്‍ ഇളവുകള്‍ വരുത്താന്‍ ഇന്ത്യ സന്നദ്ധമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വരെ രണ്ടായിരത്തോളം ഉല്‍പന്നങ്ങളുടെ തീരുവ രഹിത കയറ്റുമതിക്ക് ഇന്ത്യ അനുവദം നല്‍കിയിരുന്നു. ഇത് പുന:സ്ഥാപിക്കണമെന്ന ആവശ്യം അമേരിക്ക മുന്നോട്ട് വയ്ക്കാനാണ് സാധ്യതയുള്ളത്.

Comments are closed.