ഒന്‍പത് മാസത്തിനിടെ ആക്സിസ് ബാങ്കില്‍ 15,000 ജീവനക്കാര്‍ രാജിവച്ചു
മുംബൈ: ഒന്‍പത് മാസത്തിനിടെ ആക്സിസ് ബാങ്കില്‍ 15,000 ജീവനക്കാര്‍ രാജിവച്ചു. തുടര്‍ന്ന് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 25,000 മുതല്‍ 30,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ബാങ്ക് ശ്രമിക്കുന്നത്. ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന് പിന്നാലെ 28,000 പേര് കമ്പനിയില്‍ പുതുതായി ജോലിക്ക് ചേര്‍ന്നു. കമ്പനിയിലാകെ 75,000 പേരാണുള്ളത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 12,800 പേരുടെ വര്‍ധനവാണ് ഉണ്ടായത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ 17 ശതമാനമായിരുന്നു തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചത്. ആക്സിസ് ബാങ്കിലും സഹോദര സ്ഥാപനങ്ങളിലുമായിരിക്കും നിയമനം നല്‍കുക. ഈ സാമ്പത്തിക വര്‍ഷത്തില്‍ 550 പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്നും ബാങ്ക് അറിയിച്ചു.