EBM News Malayalam

ട്രെയിനിടിച്ച് മരിച്ച യാചകന് 11.5 ലക്ഷത്തില്‍ അധികം സമ്പാദ്യം

മുംബൈയില്‍ വെച്ച് ട്രെയിനിടിച്ച് മരിച്ച യാചകന് 11.5 ലക്ഷത്തില്‍ അധികം സമ്പാദ്യം കണ്ടെത്തി. ബിറാഡി ചന്ദ് ആസാദ് (62) എന്ന യാചകനാണ് മുംബൈയില്‍ വെച്ച് ട്രെയിനിടിച്ച് മരിച്ചത്. വര്‍ഷങ്ങളായി തെക്കുകിഴക്കന്‍ മുംബൈയിലെ ഗോവണ്ഡിയിലെ ചേരിയില്‍ താമസിച്ചിരുന്ന ആസാദിന് ഗോവണ്ഡി റെയില്‍വേ സ്റ്റേഷനിലായിരുന്നു പതിവായി ഭിക്ഷാടനം നടത്തിയിരുന്നത്.

നിലം പതിക്കാറായ ഒരു ഒറ്റമുറിയില്‍ താമസിച്ചിരുന്ന മുറിയില്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടിരുന്നത് മാറ്റി പരിശോധിച്ചപ്പോഴാണ് പോലീസ് ഞെട്ടിയത്. ബക്കറ്റിലും ചാക്കുകളിലുമായി നിറച്ച നാണയത്തൊട്ടുകളായിരുന്നു ഇത്. ബാങ്കില്‍ നിന്നുള്ള രസീതുകളും പാസ്ബുക്കുകളും ഒപ്പമുണ്ടായിരുന്നു. സ്ഥിര നിക്ഷേപമായി 8.77 ലക്ഷം രൂപ പല ബാങ്കുകളിലിട്ടതിന്റെ രേഖകളായിരുന്നു ആ രസീതുകള്‍. 96,000 രൂപ പാസ്ബുക്കില്‍ ബാലന്‍സുണ്ടായിരുന്നു.

എട്ടു മണിക്കൂറോളമെടുത്ത് ഒരു ഡസനോളം പോലീസുകാര്‍ എണ്ണി തീര്‍ന്നപ്പോള്‍ 1.77 ലക്ഷം രൂപ. ആസാദിന്റെ ആകെ സമ്പാദ്യം 11.5 ലക്ഷത്തിലേറെ രൂപയാണ്. വര്‍ഷങ്ങളായി ഭിക്ഷയെടുത്തു ലഭിച്ച തുകയാണിതെന്നും ഭക്ഷണം കഴിക്കാനുള്ള പണം പോലും മറ്റുള്ളവരോട് യാചിച്ചായിരുന്നു കണ്ടെത്തിയിരുന്നതെന്നുമാണ് ചേരിയിലുള്ള ഇദ്ദേഹത്തിന്റെ പരിചയക്കാര്‍ പറയുന്നത്.

1.77 ലക്ഷം രൂപ വരുന്ന നാണയങ്ങള്‍ നിലവില്‍ ഗോവണ്ഡി റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഒന്നരലക്ഷവും ബന്ധുക്കള്‍ക്കു കൈമാറാനാണു തീരുമാനിച്ചിരിക്കുന്നത്.

Comments
Loading...