EBM News Malayalam
Leading Newsportal in Malayalam

പരിമിതകാല പതിപ്പുമായി ഒക്ടാവിയയുടെ RS245

ഓട്ടോ എക്‌സ്‌പോയില്‍ ബുദ്ധിപൂര്‍വം കരുക്കള്‍ നീക്കിയിരിക്കുകയാണ് ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡ. ഇന്ത്യയില്‍ ഇപ്പോഴുള്ള ഒക്ടാവിയ പതിപ്പിന് ഭാരത് സ്റ്റേജ് VI അപ്‌ഡേറ്റുകള്‍ നല്‍കാന്‍ കമ്പനിക്ക് ഉദ്ദേശ്യമില്ല. ഒക്ടാവിയയുടെ പുതുതലമുറയാകട്ടെ അടുത്തെങ്ങും ഇങ്ങോട്ടു വരാനും സാധ്യതയില്ല. ഈ അവസരത്തില്‍ vRS വകഭേദത്തെ അവതരിപ്പിച്ച് നിരയില്‍ പുതുമ നിലനിര്‍ത്തുകയാണ് നിര്‍മ്മാതാക്കള്‍.

ഒക്ടാവിയയുടെ പെര്‍ഫോര്‍മന്‍സ് പതിപ്പാണ് എക്‌സ്‌പോയില്‍ വന്നിരിക്കുന്ന RS245. പരിമിതകാല പതിപ്പാണിത്. മോഡലിന്റെ 200 യൂണിറ്റുകള്‍ മാത്രമേ കമ്പനി ഇന്ത്യയില്‍ വില്‍ക്കുകയുള്ളൂ. 36 ലക്ഷം രൂപയ്ക്ക് പുതിയ സ്‌കോഡ ഒക്ടാവിയ RS245 ഷോറൂമുകളിലെത്തും. 2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് കാറിന്റെ ഹൃദയം.

243 bhp കരുത്തും 370 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്. ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വഴി മുന്‍ ചക്രങ്ങളിലേക്കാണ് കരുത്തെത്തുക. വൈദ്യുത പിന്തുണയുള്ള സ്ലിപ്പ് ഡിഫറന്‍ഷ്യലും കൂടുതല്‍ ഗ്രിപ്പ് പ്രദാനം ചെയ്യുന്ന മുന്‍ ആക്‌സിലും കാറിന്റെ സവിശേഷതയാണ്. പെര്‍ഫോര്‍മന്‍സ് പതിപ്പാണെന്ന് കരുതി ഫീച്ചറുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും കമ്പനി വരുത്തിയിട്ടില്ല.

ഏറ്റവും ഉയര്‍ന്ന ഒക്ടാവിയ വകഭേദത്തിലെ സൗകര്യങ്ങളെല്ലാം RS245 മോഡലിലും കാണാം. സാധാരണ പതിപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സ്‌പോര്‍ടി പ്രതിച്ഛായയുള്ള ക്യാബിനാണ് RS245 അവകാശപ്പെടുന്നത്. ചുവപ്പ് വരമ്പിടുന്ന കറുത്ത ക്യാബിന്‍, സ്‌പോര്‍ട്‌സ് സീറ്റുകള്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍, vRS ബാഡ്ജുകള്‍ എന്നിവയെല്ലാം അകത്തള വിശേഷങ്ങളില്‍പ്പെടും. 12.3 ഇഞ്ച് വലുപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റാറാണ് വിര്‍ച്വല്‍ കോക്പിറ്റില്‍ ഇടംപിടിക്കുന്നത്.

8 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ എന്നിവയുടെ പിന്തുണയുണ്ട്. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിങ്, ഇരട്ട സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ സവിശേഷതകളും കാറില്‍ ചൂണ്ടിക്കാട്ടാം. പെര്‍ഫോര്‍മന്‍സ് പതിപ്പാണെന്ന് കാണിക്കാന്‍ പുറംമോടിയിലും ചെറിയ പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. 18 ഇഞ്ച് അലോയ് വീലുകളും vRS ബാഡ്ജുകളും സ്‌പോയിലറും ഇരട്ട പുകക്കുഴലുകളും ഇതിന്റെ ഭാഗമാണ്.