Ultimate magazine theme for WordPress.

കോമ്പസ് എസ്‌യുവി ലൈനപ്പിന് ബിഎസ്-VI പരിഷ്ക്കരണം നൽകി ജീപ്പ് ഇന്ത്യ

കോമ്പസ് എസ്‌യുവി ലൈനപ്പിന് ബിഎസ്-VI പരിഷ്ക്കരണം നൽകി ജീപ്പ് ഇന്ത്യ. പ്രീമിയം കോംപാക്ട് എസ്‌യുവിയുടെ പെട്രോൾ, ഡീസൽ എഞ്ചിനുകൾ പുതിയ മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി പരിഷ്ക്കരിച്ചിട്ടുണ്ട് കമ്പനി.

ജീപ്പ് കോമ്പസ് ബിഎസ്-VI വിപണിയിൽ അവതരിപ്പിച്ചെങ്കിലും മോഡൽ തിരിച്ചുള്ള വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പെട്രോൾ മോഡലുകൾക്ക് 25,000 രൂപയും ഡീസൽ മോഡലുകൾക്ക് 1.1 ലക്ഷം രൂപയും ഉയർന്നതായി ബ്രാൻഡ് സൂചന നൽകിയിട്ടുണ്ട്.

2.0 ലിറ്റർ എഞ്ചിൻ ശേഷിയുള്ള ഡീസൽ ഓട്ടോമാറ്റിക് കോമ്പസിന്റെ ബിഎസ്-VI പതിപ്പ് ജീപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ നവീകരിച്ച എഞ്ചിൻ യൂണിറ്റുകളിൽ 6 സ്പീഡ് മാനുവലുള്ള 1.4 ലിറ്റർ ടർബോ-പെട്രോൾ, 1.4 ലിറ്റർ ടർബോ-പെട്രോൾ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവൽ 2.0 ലിറ്റർ ടർബോ-ഡീസൽ എന്നിവയാണ് ഉൾപ്പെടുന്നത്.

ബി‌എസ്-IV മോഡലിന്റെ പെട്രോൾ മാനുവലിന് 14.3 kmpl, പെട്രോൾ ഓട്ടോമാറ്റിക്കിന് 14.1 kmpl, ഡീസൽ മാനുവൽ 4 X 2 പതിപ്പിന് 17.1 kmpl, ഡീസൽ-MT 4×4 16.3 kmpl എന്നിങ്ങനെയാണ് ARAI റേറ്റു ചെയ്ത ഇന്ധനക്ഷമത.

മുഴുവൻ കോമ്പസ് ശ്രേണിയും കൂടുതൽ കിറ്റുകൾ ഉപയോഗിച്ച് കമ്പനി നേരത്തെ പരിഷ്ക്കരിച്ചിരുന്നു. ഇപ്പോൾ എല്ലാ വകഭേദങ്ങൾക്കും എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്റ്റാൻഡേർഡായി ലഭിക്കുന്നു. അതേസമയം എല്ലാ ഓട്ടോമാറ്റിക് വകഭേദങ്ങൾക്കും ക്രൂയിസ് കൺട്രോളും കമ്പനി സ്റ്റാൻഡേർഡായി നൽകുന്നുണ്ട്.

2019 ജൂണിൽ പ്രീമിയം കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ആദ്യമായി ബിഎസ്-VI എഞ്ചിൻ പുറത്തിറക്കിയ നിർമാതാക്കളാണ് ജീപ്പെന്ന് ബിഎസ്-VI കോമ്പസിന്റെ അവതരണ വേളയിൽ എഫ്‌സി‌എ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ പാർത്ഥ ദത്ത പറഞ്ഞു.

Comments are closed.