EBM News Malayalam
Leading Newsportal in Malayalam

പുതിയ ഓറ കോംപാക്റ്റ് സെഡാനെ ആഭ്യന്തര വിപണിയില്‍ വില്‍പ്പയ്ക്കായി എത്തിച്ച് ഹ്യുണ്ടായി

പുതിയ ഓറ കോംപാക്റ്റ് സെഡാനിറെ അരങ്ങേറ്റം നിർമ്മാതാക്കൾ കഴിഞ്ഞ മാസം നടത്തിയിരുന്നു. വാഹനം ഇന്ന് ആഭ്യന്തര വിപണിയിൽ വിൽപ്പയ്ക്കായി എത്തിച്ചിരിക്കുകയാണ് ഹ്യുണ്ടായി.

എല്ലാ മേഘലകളിലും മെച്ചപ്പെടുത്തലുകളുമായി എസെന്റിന് പകരക്കാരനായി ഓറ നിലകൊള്ളുന്നു. അടിസ്ഥാന പെട്രോൾ പതിപ്പിന് 5.79 ലക്ഷം രൂപയും ഏറ്റവും ഉയർന്ന ഡീസൽ AMT -യ്ക്ക് 9.22 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

3,995 mm നീളവും 1,680 mm വീതിയും 1,520 mm ഉയരവും 2,450 mm വീൽബേസും 402 ലിറ്റർ ബൂട്ട്‌സ്പെയ്‌സും വാഹനത്തിനുണ്ട്. എക്‌സെന്റിന്റെ എക്സ്റ്റീരിയർ സ്റ്റൈലിംഗിൽ അത്ര ആകർഷകമായ ഘടകങ്ങൾ ഉണ്ടായിരിക്കില്ല, എന്നാൽ ഈ പോരായ്മ ഓറ പരിഹരിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മൂന്നാം തലമുറ ഗ്രാൻഡ് i10 നിയോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ ഓറയ്ക്ക് ലഭിക്കുന്നത്.

ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ത്രിമാന ഫ്രണ്ട് ഗ്രിൽ മെഷ്, Z ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, ക്രോം ഗാർനിഷുള്ള ടെയിൽഗേറ്റ്, കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്ന C-പില്ലർ, സ്‌പോർടി ക്യാരക്ടർ ലൈനുകൾ, അലോയ് വീലുകൾ എന്നിവ ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

ചെന്നൈ, ഹൈദരാബാദ്, കൊറിയ എന്നിവിടങ്ങളിലെ ഹ്യുണ്ടായിയുടെ ഡിസൈൻ സെന്ററുകളിൽ നിന്നുള്ള ആശയങ്ങൾ ഉപയോഗിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്ന് പവർട്രെയിനുകളുടെ ഒരു നിരയാണ് വാഹനത്തിലുള്ളത്, അവയെല്ലാം ബി‌എസ്‌ VI കംപ്ലയിന്റാണ്.

1.0 ലിറ്റർ ടർബോചാർജ്ഡ് GDI പെട്രോൾ 100 bhp കരുത്തും 172 Nm torque ഉം പുറപ്പെടുവിക്കുന്നു, കൂടാതെ 20.50 കിലോമീറ്റർ ഇന്ധനക്ഷമത ഉണ്ടെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. കാപ്പ 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ യൂണിറ്റ് 83 bhp കരുത്തും 114 Nm torque ഉം ഫഉത്പാദിപ്പിക്കുന്നു. 1.2 ലിറ്റർ ഇക്കോടോർക്ക് ഡീസൽ യൂണിറ്റ് 75 bhp കരുത്തും 190 Nm torque ഉം സൃഷ്ടിക്കുന്നു.

സ്റ്റാൻഡേർഡായി എഞ്ചിനുകൾ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു, 1.2 ലിറ്റർ പെട്രോൾ, ഡീസൽ മോട്ടോറുകൾക്ക് അഞ്ച് സ്പീഡ് AMT ഗിയർബോക്സുകൾ ഓപ്ഷണലായി ലഭിക്കും. 1.2 ലിറ്റർ പെട്രോൾ മാനുവലിന് 20.50 കിലോമീറ്ററും, ഓട്ടോമാറ്റിക്കിന് 20.10 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 1.2 ലിറ്റർ ഡീസൽ മാനുവലിന് 25.35 കിലോമീറ്ററും, ഓട്ടോമാറ്റിക്കിന് 25.40 കിലോമീറ്ററുമാണ് മൈലേജ്.

ശ്രേണിയിലെ ബെസ്റ്റ് മൂന്ന് വർഷ സൗജന്യ സേവനവും, ഓപ്ഷണൽ വണ്ടർ വാറണ്ടിയും ഫാക്ടറി ഘടിപ്പിച്ച CNG ഓപ്ഷനും ഓറയിൽ ലഭ്യമാണ്. എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഇക്കോ കോട്ടിംഗ് ടെക്നോളജി, വയർലെസ് ചാർജിംഗ് സൗകര്യം, എയർ കർട്ടൻ, ലെതർ പൊതിഞ്ഞ ഗിയർ നോബ് എന്നിവയുൾപ്പെടെ വിഭാഗത്തിൽ ആദ്യമായി എത്തുന്ന 12 സവിശേഷതകൾ ഓറയിലുണ്ടെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.