EBM News Malayalam
Leading Newsportal in Malayalam

റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഇന്റര്‍സെപ്റ്റര്‍ 650 ബിഎസ് VI പതിപ്പിനായുള്ള ബുക്കിങ് ആരംഭിച്ചു

റോയല്‍ എന്‍ഫീല്‍ഡിന് ഇന്ത്യന്‍ വിപണിയില്‍ മികച്ച വില്‍പ്പന നേടിക്കൊടുത്ത രണ്ട് മോഡലുകളാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ബൈക്കുകള്‍. അടുത്തിടെ ഇരുമോഡലുകളുടെയും ബിഎസ് IV പതിപ്പിന്റെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട് എത്തിയിരുന്നു.

ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് VI നിലവില്‍ വരുന്നതുകൊണ്ടാണ് ബിഎസ് IV എഞ്ചിന്‍ നിലവാരത്തിലുള്ള ഈ മോഡലുകളുടെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്റര്‍സെപ്റ്റര്‍ 650 ബിഎസ് VI പതിപ്പിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചുവെന്നാണ്.

ഡീലര്‍ഷിപ്പുകളില്‍ ഉണ്ടായിരുന്ന ഇന്റര്‍സെപ്റ്റര്‍ 650 പഴയ പതിപ്പുകളുടെ മുഴുവന്‍ സ്റ്റോക്കും വിറ്റു തീര്‍ന്നതോടെയാണ് പുതിയ പതിപ്പിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 10,000 രൂപയാണ് ബുക്കിങ് തുകയായി ഡീലര്‍ഷിപ്പുകള്‍ സ്വീകരിക്കുന്നത്.

വില സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും 8,000 രൂപ മുതല്‍ 10,000 രൂപ വരെ മോഡലുകളില്‍ കമ്പനി വര്‍ധിപ്പിച്ചേക്കും. സ്റ്റാന്റേര്‍ഡ്, ക്രോം, കസ്റ്റം എന്നീ മൂന്ന് വകഭേദങ്ങളിലാണ് ഇരുമോഡലുകളും വിപണിയില്‍ എത്തുന്നത്. നിലവില്‍ വിപണിയില്‍ ഉള്ള ഇന്റര്‍സെപ്റ്ററിന് 2.50 ലക്ഷം മുതലും കോണ്ടിനെന്റല്‍ ജിടി 650 -ക്ക് 2.65 ലക്ഷം രൂപ മുതലുമാണ് എക്‌സ്‌ഷോറൂം വില.

എഞ്ചിന്‍ ബിഎസ് VI നിലവാരത്തിലേക്ക് മാറ്റും എന്നതൊഴിച്ച് മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി നല്‍കിയേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെ ബിഎസ് VI -ലേക്ക് നവീകരിക്കും.

നിലവില്‍ ഈ എഞ്ചിന്‍ 7,250 rpm -ല്‍ 47 bhp കരുത്തും 5,250 rpm -ല്‍ 52 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ കരുത്ത് കുറഞ്ഞേക്കുമെന്നാണ് സൂചന. ആറ് സ്പീഡ് ഗിയര്‍ബോക്സിനൊപ്പം സ്ലിപ്പ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

2018 നവംബര്‍ മാസത്തിലാണ് ഇരുമോഡലുകളെയും കമ്പനി വിപണിയില്‍ എത്തിക്കുന്നത്. വിപണിയില്‍ എത്തിയ നാള്‍ മുതല്‍ വില്‍പ്പനയില്‍ മികച്ച മുന്നേറ്റം കാഴചവെയ്ക്കാനും ഇരുമോഡലുകള്‍ക്കും സാധിച്ചു. റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ കൊണ്ടുവരുന്ന ആദ്യ ആധുനിക ഇരട്ട സിലിണ്ടര്‍ ബൈക്കുകളെന്ന വിശേഷണവും ഇവര്‍ക്കുണ്ട്.