EBM News Malayalam

ഹ്യുണ്ടായുടെ കോമ്പാക്ട് സെഡാനായ ഓറയുടെ ടീസര്‍ വീഡിയോ പുറത്തുവിട്ടു

ഹ്യുണ്ടായി നിരയില്‍ നിന്നുള്ള ഏറ്റവും പുതിയ കോമ്പാക്ട് സെഡാനാണ് ഓറ. അടുത്തിടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

ജനുവരി 21 -ന് വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. വാഹനത്തിനായുള്ള ബുക്കിങ് അടുത്തിടെ കമ്പനി ആരംഭിച്ചിരുന്നു. വെബ്സൈറ്റ് വഴിയോ, ഹ്യുണ്ടായിയുടെ അടുത്തുള്ള ഡീലര്‍ഷിപ്പുകള്‍ വഴിയോ വാഹനം ബുക്ക് ചെയ്യാം. 10,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ അകത്തളം വെളിപ്പെടുത്തുന്ന ഒരു ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. പ്രീമിയം വാഹനങ്ങളുടേതിന് സമാനമായിരിക്കും വാഹനത്തിന്റെ അകത്തളം എന്നാണ് റിപ്പോര്‍ട്ട്. ഹ്യുണ്ടായി നേരത്തെ വിപണിയില്‍ എത്തിച്ച ഗ്രാന്‍ഡ് i10 നിയോസില്‍ കണ്ടിരിക്കുന്ന ക്യാബിന്‍ ഡിസൈന്‍ തന്നെയാണ് പുതിയ ഓറയിലും ഇടംപിടിക്കുക.

ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ക്കൊപ്പം ഇരുണ്ട ഷെഡുകളും ഡാഷ്‌ബോര്‍ഡിനെ മനോഹരമാക്കും. ബീജ് നിറത്തോട് കൂടിയ ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി സീറ്റുകളും ഓറയുടെ സവിശേഷതയാണ്. ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രായിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഉയര്‍ന്ന വകഭേദങ്ങളില്‍ വയര്‍ലെസ് ചാര്‍ജിങ് സൗകര്യം എന്നിവയും ലഭ്യമാണ്.

അനലോഗ് ടാക്കോമീറ്ററിനൊപ്പം 5.3 ഇഞ്ച് ഡിജിറ്റല്‍ ഡിസ്പ്ലേയും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ഇടംപിടിച്ചിട്ടുണ്ട്. നിയോസിലും ഈ ഫീച്ചര്‍ ഹ്യുണ്ടായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലെമറ്റ് കണ്‍ട്രോളിനായി ഒരു ചെറിയ ഡിസ്‌പ്ലേയും വാഹനത്തില്‍ ഇടംപിടിച്ചേക്കും. ടര്‍ബൈന്‍ ആകൃതിയാണ് ഏസി വെന്റുകള്‍ക്ക്.

മൂന്ന് എഞ്ചിന്‍ ഓപഷനുകള്‍ക്കൊപ്പം 12 വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. വില സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, ആറു ലക്ഷം രൂപ മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. മുന്‍തലമുറ എക്‌സെന്റിന്റെ പിന്‍ഗാമിയായിട്ടാണ് പുതിയ ഓറ നിരത്തുകളിലെത്തുക.

ഫോക്‌സ്‌വാഗണ്‍ അമിയോ, ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്പയര്‍, മാരുതി ഡിസയര്‍ മോഡലുകളാണ് ഓറയുടെ എതിരാളികള്‍. ഹ്യുണ്ടായി എക്‌സെന്റ്, ഗ്രാന്‍ഡ് i10 നിയോസ് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓറയെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നിരത്തിലുള്ള കോമ്പാക്ട് സെഡാന്‍ ശ്രേണിയിലെ തന്നെ ഏറ്റവും ഉയര്‍ന്ന കരുത്തും നിരവധി ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണെന്ന് കമ്പനി അവകാശപ്പെടുന്നു. കാഴ്ചയില്‍ ഗ്രാന്‍ഡ് i10 നിയോസുമായി ഓറയ്ക്ക് ഏറെ സാമ്യമുണ്ട്.

നിയോസില്‍ നിന്ന് കടമെടുത്ത കേസ്‌കേഡ് ഗ്രില്ല്, പ്രൊജക്ട് ഹെഡ്‌ലാമ്പ്, ബൂമറാംങ് ഷേപ്പിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ചെറിയ ഫോഗ്‌ലാമ്പ്, എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ സവിശേഷതകള്‍. പിന്നിലേക്ക് വരുമ്പോള്‍ ഫോര്‍ഡ് ആസ്പയറുമായി സാമ്യമുള്ളതായി തോന്നും.

ഹാച്ച്‌ഡോറിലേക്ക് കയറിയ ടെയില്‍ ലാമ്പ്, മധ്യഭാഗത്തായി ഓറ എന്ന ക്രോം ബാഡ്ജിങ്, ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് പിന്‍വശത്ത് എടുത്ത് പറയേണ്ട സവിശേഷതകള്‍. സ്‌പോര്‍ടി അലോയി വീലുകള്‍, പുതിയ മിറര്‍, ഷാര്‍ക്ക്ഫിന്‍ ആന്റിന എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

ബിഎസ് VI നിലവാരത്തിലുള്ള മൂന്ന് എഞ്ചിനുകളും. 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ എന്നിവയായിരിക്കും ഹ്യുണ്ടായി ഓറയ്ക്ക് കരുത്തേകുക.

ചെറിയ പെട്രോള്‍ യൂണിറ്റ് 100 bhp പവറും 172 Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍ കാപ്പ പെട്രോള്‍ 83 bhp കരുത്തില്‍114 Nm torque സൃഷ്ടിക്കുന്നു. സിംഗിള്‍ ഓയില്‍ ബര്‍ണര്‍ ഡീസല്‍ യൂണിറ്റ് 75 bhp-യും 190 Nm torque ഉം നല്‍കും.

1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സും. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍ ഗിയര്‍ബോക്‌സും ലഭ്യമാകും.