EBM News Malayalam

ഉപഭോക്താക്കള്‍ക്കായി മികച്ച കുറച്ച് ഓഫറുകളും ആനുകൂല്യങ്ങളും നല്‍കാന്‍ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്

എസ്‌യുവി ശ്രണിയിലേക്ക് ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ വര്‍ഷമാണ് ഹാരിയറിനെ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഉപഭോക്താക്കള്‍ക്കായി മികച്ച കുറച്ച് ഓഫറുകളും ആനുകൂല്യങ്ങളും നല്‍കാന്‍ ഒരുങ്ങുകയാണ് കമ്പനി.

15,000 യൂണിറ്റുകള്‍ ഇതുവരെ നിരത്തിലെത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിക്കുകയും ചെയ്തു. ഈ 15,000 ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യങ്ങളും ഓഫറുകളും ലഭിക്കുക. ഇതിന്റെ ഭാഗമായി #1WithMyHarrier എന്നൊരു ആനിവേഴ്‌സറി ക്യാമ്പയിനും രാജ്യത്ത് കമ്പനി ആരംഭിച്ചു.

2020 ജനുവരി 9 മുതല്‍ 19 വരെ നടക്കുന്ന ക്യാമ്പെയിനിടൊയാണ് ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യങ്ങളും ഓഫറുകളും ലഭിക്കുന്നത്. ഈ ഉപഭോക്താക്കള്‍ക്ക് ആദ്യ ആനിവേഴ്‌സറിയെ സൂചിപ്പിക്കുന്ന ഒരു ബാഡ്ജിങ് ലഭിക്കും.

കൂടാതെ ആനിവേഴ്‌സറിയെ സൂചിപ്പിക്കുന്ന ഒരു സ്‌ക്ഫ് പ്ലേറ്റും, 40 പോയിന്റുകളുടെ സര്‍വ്വീസും കമ്പനി നല്‍കും. ഹാരിയര്‍ സര്‍വ്വീസ് ഗോള്‍ഡ് ക്ലബ് മെമ്പര്‍ഷിപ്പ് എന്നൊരു പദ്ധതിയും ഇതിനോടൊപ്പം തന്നെ ടാറ്റ ഉപഭോക്താക്കള്‍ക്കായി നല്‍കും.

അടുത്ത രണ്ട് വര്‍ഷത്തേക്ക് വാഹനം സര്‍വ്വീസ് ചെയ്യുമ്പോള്‍ ഗോള്‍ഡ് ക്ലബ് മെമ്പര്‍ഷിപ്പില്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് 8,400 രൂപയുടെ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഹാരിയര്‍ എസ്‌യുവി എടുക്കാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുകളെയോ, കൂടുംബാങ്ങളെയോ നിര്‍ദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്കും ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവര്‍ക്ക് 5,000 രൂപയുടെ ആമസോണ്‍ ഗിഫ്റ്റ് വൗച്ചര്‍ നല്‍കുമെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി നടത്തിന്ന വര്‍ക്ക്‌ഷോപ്പുകളില്‍ ഉപഭോക്താക്കള്‍ എത്തിച്ചേരുന്നതിനായി സൗജന്യ യാത്രാ സൗകര്യവും കമ്പനി നല്‍കും.

അവതരിപ്പിച്ച നാളുകളില്‍ വന്‍ സ്വീകാര്യതയാണ് വാഹനത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ ഈ ശ്രേണിയിലേക്ക് മറ്റ് മോഡലുകള്‍ എത്തിയതോടെ ഹാരിയറിന്റെ വിപണിയിലെ ജനപ്രീതി കുറഞ്ഞു. ഇതുമനസ്സിലാക്കി പുതിയ കുറച്ച് സവിശേതകളൊക്കെയായി വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വലിയ വിജയം വില്‍പ്പന ഒന്നും തന്നെ ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും അവസാനമായിട്ടാണ് ബ്ലാക്ക് എഡിഷന്‍ എന്നൊരു പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. ഇത്രയൊക്കെ ഉണ്ടെങ്കിലും ഈ വാഹനത്തില്‍ ഓട്ടോമാറ്റിക് പതിപ്പിന്റെ ഒരു അഭാവം ആദ്യ മുതല്‍ തന്നെ നിഴലിച്ചിരുന്നു.

വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ അധികം വൈകാതെ തന്നെ ഓട്ടോമാറ്റിക് പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചത്. എന്നാല്‍ വാഹനം വിപണിയില്‍ എത്തി ഒരു വര്‍ഷം പിന്നിടുമ്പോഴും ഓട്ടോമാറ്റിക്കിനെ ഇതുവരെ കമ്പനി അവതരിപ്പിച്ചിട്ടില്ല.

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലുള്ള ഹാരിയര്‍ ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹാരിയര്‍ സെവന്‍ സീറ്റര്‍ മോഡലിനൊപ്പമായിരിക്കും ഓട്ടോമാറ്റിക് പതിപ്പും പ്രദര്‍ശനത്തിനെത്തുക.

ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഓട്ടോമാറ്റിക് പതിപ്പിനും കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 140 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്നതാണ്. നിലവില്‍ 12.99 ലക്ഷം മുതല്‍ 16.95 ലക്ഷം രൂപ വരെയാണ് ഹാരിയര്‍ മാനുവലിന്റെ എക്സ്ഷോറൂം വില.

ഓട്ടോമാറ്റിക് പതിപ്പിന് ഒരു ലക്ഷം രൂപ വരെ വില ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓട്ടോമാറ്റിക് പതിപ്പ് എത്തുന്നതോടെ വില്‍പ്പന കുറച്ചു കൂടി ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ലാന്‍ഡ് റോവര്‍ D8 ആര്‍കിടെക്ച്ചര്‍ ആധാരമാക്കി ടാറ്റ വികസിപ്പിച്ച പുതിയ OMEGA അടിത്തറയാണ് ഹാരിയര്‍ ഉപയോഗിക്കുന്നത്.

കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയില്‍ വിപണിയില്‍ എത്തിയൊരു മോഡലായിരുന്നു ഹാരിയര്‍. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിങ് എന്നിങ്ങനെയാണ് വാഹനത്തിലെ സവിശേഷതകള്‍.

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകള്‍ വാഹനത്തിലുണ്ട്. ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിങ് ഫോഗ്‌ലാമ്പുകള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍ സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സജ്ജീകരണങ്ങളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.