ദില്ലി: ഇന്ത്യൻ വാഹന ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുസുക്കി ജിംനി വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. 2018 ൽ ജാപ്പനീസ് വിപണിയിൽ പുതിയ മോഡൽ പുറത്തിറക്കിയതു മുതൽ ജിംനി ഇന്ത്യയിലേക്ക് എന്നായിരുന്നു വാർത്തകൾ. 2020 ല് നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ ജിംനി പ്രദർശിപ്പിച്ചതോടെ ഉടൻ ഇറങ്ങുമെന്ന പ്രതീക്ഷയിലായി വാഹന ലോകം.
അതേസമയം സുസുക്കിയോ മാരുതിയോ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇന്ത്യൻ വിപണിയിൽ ജിംനിയെ എത്തിക്കുന്നത് മാരുതി സുസുക്കി പച്ചക്കൊടി കാട്ടിയിരിക്കുന്നു എന്നാണ് വിവരങ്ങൾ. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്ത്യൻ വിപണിക്കായി വികസിപ്പിച്ച 5 ഡോർ വകഭേദം ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ യുറോപ്പിൽ പരീക്ഷണയോട്ടം നടത്തിയ 5 ഡോർ ജിംനിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.