EBM News Malayalam

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിന് ജയം

മാഞ്ചസ്റ്റര്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിന് ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനറങ്ങിയ ഓസീസിനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ 48.4 ഓവറില്‍ 207 റണ്‍സിന് എറിഞ്ഞിട്ടു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്സ് എന്നിവരാണ് ഓസീസിനെ പരാജയപ്പെടുത്തിയത്. മുന്‍നിരയില്‍ ഡേവിഡ് വാര്‍ണര്‍ (6), മാര്‍കസ് സ്റ്റോയിനിസ് (9) എന്നിവര്‍ നിരാശപ്പെടുത്തി.

73 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷാനെ (48), അലക്സ് ക്യാരി (36) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മിച്ചല്‍ മാര്‍ഷ് (1), ഗ്ലെന്‍ മാക്സ്വെല്‍ (1), പാറ്റ് കമ്മിന്‍സ് (11), മിച്ചല്‍ സ്റ്റാര്‍ക്ക് (0) ആഡം സാംപ (2) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോറുകള്‍. ജോഷ് ഹേസല്‍വുഡ് പുറത്താവാതെ നിന്നിരുന്നു. നേരത്തെ ഓയിന്‍ മോര്‍ഗന്‍ (42), ജോ റൂട്ട് (39) ആദില്‍ റഷീദ് (26 പന്തില്‍ 35), ടോം കറന്‍ (39 പന്തില്‍ 37) എന്നിവരുടെ പ്രകടനാണ് ഇംഗ്ലണ്ടിന് നല്ല സ്‌കോര്‍ സമ്മാനിച്ചത്.

സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് ആയിരിക്കുമ്പോള്‍ തന്നെ ഇംഗ്ലണ്ടിന് രണ്ട് ഓപ്പണര്‍മാരെ നഷ്ടമായി. ജേസണ്‍ റോയ് (21), ജോണി ബെയര്‍‌സ്റ്റോ (0) എന്നിവരാണ് പുറത്തായത്. പിന്നീട് ജോ റൂട്ട്- മോര്‍ഗന്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 61 റണ്‍സാണ് ഇംഗ്ലണ്ടിനെ വന്‍തകര്‍ച്ചയില്‍ നിന്ന് കടത്തിയത്.

ജോസ് ബട്‌ലര്‍ (3), സാം ബില്ലിങ്‌സ് (8), ക്രിസ് വോക്‌സ് (26), സാം കറന്‍ (1) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. എട്ടിന് 149 എന്ന മോശം നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് റഷീദ്- ടോം കറന്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 76 റണ്‍സാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട് സ്‌കോര്‍ സമ്മാനിച്ചത്. ടോം പുറത്തായെങ്കിലും റഷീദിനൊപ്പം ജോഫ്ര ആര്‍ച്ചര്‍ (6) പുറത്താവാതെ നിന്നു.

 

Comments are closed.