EBM News Malayalam

ചരക്കുവിമാനങ്ങളിലാണ് പാകിസ്ഥാന്‍ ആയുധങ്ങള്‍ എത്തിച്ചുവെന്ന് റിപ്പോര്‍ട്ട്.

ശ്രീനഗര്‍: സ്‌കര്‍ദു താവളത്തിലേക്ക് മൂന്ന് ചരക്കുവിമാനങ്ങളിലാണ് പാകിസ്ഥാന്‍ ആയുധങ്ങള്‍ എത്തിച്ചുവെന്ന് റിപ്പോര്‍ട്ട്. ലഡാക്ക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് ശേഷം ഇന്ത്യന്‍ സൈന്യം ജാഗ്രതയിലായിരുന്നു. ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനോട് ചേര്‍ന്നുള്ള സ്‌കര്‍ദു എയര്‍ ബേസിലാണ് പാകിസ്ഥാന്‍ വിമാനങ്ങള്‍ കാണപ്പെട്ടത്.

പാകിസ്ഥാന്റെ പ്രധാന വ്യോമത്താവളമാണ് ലഡാക്കിനോട് ചേര്‍ന്ന് കിടക്കുന്ന സ്‌കര്‍ദു എയര്‍ ബേസ്. സി-130 എന്ന് പേരുള്ള മൂന്ന് ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളാണ് പാകിസ്ഥാന്‍ ഇവിടെ ഇറക്കിയത്. പോര്‍വിമാനങ്ങള്‍ക്ക് ആവശ്യമായ പടക്കോപ്പുകള്‍ കൊണ്ടുപോകുന്ന തരത്തിലുള്ള വിമാനങ്ങളാണിത്. പാകിസ്ഥാന്റെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ അറിയിച്ചു.

കൂടാതെ പോര്‍വിമാനങ്ങളായ ജെ.എഫ്-17 ഫൈറ്റര്‍ വിമാനങ്ങള്‍ ഇവിടേക്ക് വിന്യസിക്കുമെന്നാണ് അറിവ്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ പാകിസ്ഥാന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അതിര്‍ത്തിയിലെ ഇപ്പോഴത്തെ ഈ സേനാ വിന്യാസം. ഒരു വ്യോമാഭ്യാസത്തിന് ഒരുങ്ങുന്നുണ്ടെന്നും പറയുന്നു.

ഷെല്ലാക്രമണം ഭയന്ന് ഗ്രാമീണരില്‍ ചിലര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് താമസം മാറിയതായി ഒരു പാക് മാദ്ധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. ജമ്മുകാശ്മീരില്‍ അനിഷ്ട സംഭവങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നു. മുന്‍പും യുദ്ധസമാനമായ സാഹചര്യം ഉണ്ടായിരുന്നപ്പോള്‍ ഇതേ വ്യോമത്താവളത്തില്‍ പാകിസ്ഥാന്‍ സൈന്യത്തെ വിന്യസിച്ചിരുന്നു

Comments are closed.