EBM News Malayalam

ബംഗാളിൽ പുതിയ തന്ത്രങ്ങളുമായി അമിത് ഷാ; മമതയ്ക്ക് മറുപടി, ബിജെപി മുഖ്യമന്ത്രി വന്നാൽ….

27

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇക്കുറി ബിജെപിക്ക് അഭിമാനപ്പോരാട്ടമാണ്. ബംഗാളിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച് കരുതലോടെയായിരുന്നു ബിജെപിയുടെ ഓരോ ചുവടുവയ്പ്പും. പക്ഷെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപിക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. മമതയും ബിജെപിയും തമ്മിലുള്ള തുറന്ന പോരാട്ടമാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കണ്ടത്. വ്യാപകമായ അക്രമ സംഭവങ്ങളാണ് വോട്ടെടുപ്പ് നടന്ന ദിവസങ്ങളിലെല്ലാം ബംഗാളിൽ നടന്നത്. കഴിഞ്ഞ പത്ത് വർഷമായി തൃണമൂൽ കോൺഗ്രസിന് സംസ്ഥാനത്ത് എതിരാളികളില്ലായിരുന്നു. നിലവിൽ രണ്ട് സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ബംഗാളിൽ ഉള്ളത്. എന്നാൽ തൃണമൂലിനെ എതിർക്കുന്ന വൻ ശക്തിയായി ബിജെപി മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി അനുകൂല വികാരം വോട്ടർമാർക്കിടയിൽ നേടാനായി കരുതലോടെ നീക്കം നടത്തുകയാണ് ബിജെപി അധ്യക്ഷൻ അമിത്ഷാ.ഹിന്ദി ഹൃദയഭൂമിയിൽ 2014ൽ നേടിയ മുന്നേറ്റം ഇക്കുറി ബിജെപി പ്രതീക്ഷിക്കുന്നില്ല. ബംഗാളിലും ഒഡീഷയിലും കൂടുതൽ സീറ്റുകൾ നേടി ഈ നഷ്ടം നികത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി 40 സീറ്റുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 42 ലോക്സഭാ സീറ്റുകളാണ് ബംഗാളിലുള്ളത്.ബിജെപിക്കെതിരെ തൃണമൂൽ നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് കരുതലോടെയാണ് അമിത് ഷായുടെ മറുപടി. ചൊവ്വാഴ്ച സംസ്ഥാനത്ത് നടന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി നിലപാടുകൾ അമിത് ഷാ വ്യക്തമാക്കി. തങ്ങൾ പുറമേക്കാരാണെന്ന് പറയുന്ന മമതയുടെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രിയാകുക ഒരു ബംഗാളി തന്നെ ആയിരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകി. താനോ വിജയ് വർഗീയയോ ബംഗാളിൽ നിന്നും മത്സരിക്കില്ല, ബിജെപിക്ക് അധികാരം ലഭിച്ചാൽ ബംഗാളിൽ നിന്നുള്ള ഒരു ജനപ്രീയ നേതാവ് തന്നെയാകും മുഖ്യമന്ത്രി പദത്തിൽ എത്തുക. പുറമേക്കാരാണ് എന്ന് പറഞ്ഞ് പേടിപ്പിക്കാൻ മമതാ ബാനർജി ശ്രമിക്കേണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ കൈലാഷ് വിജയ് വർഗീയ മധ്യപ്രദേശിൽ നിന്നുള്ള നേതാവാണ്. ബംഗാളിന്റെ ചുമതലയുള്ള നേതാവാണ് അദ്ദേഹം. ആരെയാണ് നിങ്ങൾ ഭയപ്പെടുത്താൻ നോക്കുന്നത്? രാജർഹട്ടിൽ നടന്ന പ്രത്യേക യോഗത്തിൽ അമിത് ഷാ ചോദിച്ചു. ബിജെപി ബംഗാളി വിരുദ്ധരാണെന്ന മമതയുടെ പ്രചാരണം വിശ്വസിക്കരുതെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിന്റെ പൈതൃകം പേറുന്നവരാണ് തങ്ങളുടെ സ്ഥാനാർത്ഥികളെന്നും അമിത് ഷാ പറഞ്ഞു. അടുത്തവർഷമാണ് ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Leave A Reply

Your email address will not be published.