EBM News Malayalam

നടന്‍ വിനായകനെതിരായ കേസ് കുറ്റപത്രം സമര്‍പ്പിച്ചു

കല്‍പ്പറ്റ: സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ഫോണില്‍ സംസാരിച്ചെന്ന നടന്‍ വിനായകനെതിരായ യുവതിയുടെ പരാതിയില്‍ വിനായകന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പോലീസ്. തുടര്‍ന്ന് വിനായകനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് കോടതിയില്‍ കേസ് കുറ്റപത്രം സമര്‍പ്പിച്ചു.

ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബര്‍ തെളിവുകളടക്കംശേഖരിച്ച് സ്ഥിരീകരിച്ചതിനുശേഷമാണ് പോലീസ് കുറ്റപത്രം തയാറാക്കിയത്. അടുത്തമാസം കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് അറിവ്. ഏപ്രിലില്‍ വയനാട്ടിലെ ഒരു ചടങ്ങിലേക്ക് അതിഥിയായി ക്ഷണിച്ചപ്പോള്‍ ഫോണില്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കുംവിധം വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതി.

അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കുംവിധം സംസാരിച്ചു തുടങ്ങി പരമാവധി 1 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന 3 കുറ്റങ്ങളാണ് ചുമത്തിയത്. കേസില്‍ ജൂണ്‍ 20ന് കല്‍പറ്റ പോലീസ് സ്റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ജാമ്യത്തില്‍വിട്ടു. തുടര്‍ന്ന്മാസങ്ങള്‍ നീണ്ട അന്വേഷണം പൂര്‍ത്തിയാക്കിയാണ് അന്വേഷണസംഘം കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Comments
Loading...