EBM News Malayalam

നിസ്സാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കോവിഡ് 19 ബാധിച്ച് മരിച്ചു ; രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റീനില്‍

ന്യൂഡല്‍ഹി : നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. തുടര്‍ന്ന് പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യത്തില്‍ പരിശോധന തുടരുകയാണ്.

സമ്മേളനത്തില്‍ 2500 പ്രതിനിധികള്‍ പങ്കെടുത്തിരിക്കാം എന്നാണു കണക്കാക്കുന്നത്. അവരെല്ലാം സമ്മേളനത്തിനു വന്നവരല്ല, വലിയൊരു വിഭാഗം സമ്മേളനത്തിനു വന്നവരോടൊപ്പം ഡല്‍ഹി, യുപി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്നവരാണ്. തമിഴ്‌നാട്ടില്‍നിന്ന് 1500 പേരും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 1000 പേരും വന്നിരുന്നു. ഇന്തൊനീഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് 280 പേരും എത്തിയിരുന്നു.

തുടര്‍ന്ന് ഈ പ്രദേശത്ത് ലോക്ഡൗണ്‍ കര്‍ശനമാക്കി. രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റീനിലാണ്. കൂടാതെ ഡല്‍ഹിയില്‍ എത്തിയവരില്‍ വലിയൊരു വിഭാഗം യുപിയിലെ ദിയുബന്ദിലേക്കും പോയിരുന്നു. ഇന്തൊനീഷ്യയില്‍ നിന്നു വന്ന 11 പേര്‍ ഹൈദരാബാദില്‍ പോയി രോഗബാധിതരായി. അവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്‍ഡമാനില്‍നിന്നു വന്ന ആറു പേരും മടങ്ങിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നിസാമുദ്ദീനും പരിസരപ്രദേശവും പൂര്‍ണമായും ഡല്‍ഹി പൊലീസിന്റെ നിയന്ത്രണത്തിലായി. ഇവിടെ ലോക്ഡൗണ്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡ്രോണുകള്‍ ഉള്‍പ്പെടെ വിന്യസിച്ചതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

Comments are closed.