EBM News Malayalam

ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്ക് ഇന്റര്‍നെറ്റ് , ടെലിവിഷന്‍ സൗകര്യമുള്ളൂ ; ഓണ്‍ലൈന്‍ ക്ലാസിനുള്ള കടമ്പ കടക്കാന്‍ കേന്ദ്രം

ദില്ലി: രാജ്യത്തെ 25 കോടി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട്, വിദ്യാഭ്യാസ രംഗം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍-ഡിജിറ്റല്‍ തലത്തിലേക്ക് മാറ്റുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ ആകെ ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്കേ ഇന്റര്‍നെറ്റ് , ടെലിവിഷന്‍ സൗകര്യങ്ങളുള്ളൂ. എന്നാല്‍ വിദ്യാഭ്യാസ രംഗത്തെ, ഓണ്‍ലൈന്‍ ഡിജിറ്റല്‍ തലങ്ങളിലേക്ക് മാറ്റുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകാന്‍ കടമ്പകളേറെയാണ്. ജനസംഖ്യയുടെ 66 ശതമാനവും ഗ്രാമീണ മേഖലയിലാണ്.

ഇതില്‍ 15 ശതമാനത്തിന് മാത്രമാണ് ഇന്റര്‍നെറ്റ് സംവിധാനമുള്ളത്. 11 ശതമാനത്തിനേ വീട്ടില്‍ കംപ്യൂട്ടറുള്ളൂ. 24 ശതമാനത്തിന് മാത്രമേ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമായുള്ളൂ. ടെലിവിഷനുള്ളത് 38 ശതമാനം പേര്‍ക്ക് മാത്രമാണ്. അതേസമയം കേരളത്തില്‍ 2.61 ലക്ഷം കുട്ടികള്‍ക്ക് വീട്ടില്‍ ടെലിവിഷനോ ഇന്റര്‍നെറ്റ് സേവനമോ ഇല്ല.

എന്നാലിപ്പോള്‍ ഒന്നുമുതല്‍ പന്ത്രണ്ട് ക്ലാസ് വരെ ടി വി ചാനല്‍ തുടങ്ങുമെന്നും, മൊബൈല്‍, ലാപ്പ്‌ടോപ്പ്, ടാബ് എന്നിവിയിലേക്ക് ക്യൂ ആര്‍ കോഡ് ചെയ്ത പുസ്തകങ്ങള്‍ അയക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകരാജ്യങ്ങളിലെ ശരാശരി ഇന്റര്‍നെറ്റ് വേഗത സെക്കന്റില്‍ 34 മെഗാബൈറ്റാകുമ്പോള്‍, ഇന്ത്യയിലത് 10 മെഗാബൈറ്റാണ്. ഗ്രാമപ്രദേശങ്ങളിലെ വേഗത നഗരങ്ങളെ അപേക്ഷിച്ച് കുറവാണ്.

Comments are closed.