ഹാദിയ കേസ് : ഹാദിയ പഠനം തുടരാന്‍ കോടതി വിധി, നടപടികള്‍ വേഗത്തിലാക്കാന്‍ കേരളാഹൗസിന് നിര്‍ദേശം
ന്യൂഡല്‍ഹി: ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കിയ ഒരു കോടതി നടപടികള്‍ക്ക് ശേഷം ഇന്ന് ഉച്ചയോടെ ഹാദിയയെ വിമാനമാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും. അവിടെ നിന്നും റോഡ് മാര്‍ഗ്ഗം സേലത്തേക്കും പോകും. ഹാദിയയുമായി ബന്ധപ്പെട്ട മതം മാറ്റ കേസില്‍ ഇന്നലെ വിധി പറഞ്ഞ കോടതി ഹാദിയ സേലത്തെ ഹോമിയോ മെഡിക്കല്‍ കോളേജില്‍ പഠനം തുടരട്ടെ എന്നായിരുന്നു വിധി പുറപ്പെടുവിച്ചത്. ഭര്‍ത്താവ് ഷെഫീന്‍ ജഹാന്റെയോ പിതാവ് കെഎം അശോകനൊപ്പമോ വിട്ടില്ല.
ഇതേ തുടര്‍ന്ന് ഇന്നലെ കോടതിയില്‍ നിന്നും ഡല്‍ഹി കേരളാഹൗസിലേക്ക് എത്തിച്ച ഹാദിയയെ ഉച്ചയ്ക്ക് 1.20 നുള്ള വിമാനത്തിലാണ് കോയമ്പത്തൂരില്‍ എത്തിക്കുക. നടപടികള്‍ വേഗത്തിലാക്കാന്‍ കേരളാഹൗസ് അധികൃതര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്കി. ഇന്നലെ ഹോമിയോപ്പതി പഠനം തുടര്‍ന്ന് ഡോക്ടറാകാനാണ് ആഗ്രഹമെന്ന ഹാദിയയുടെ മൊഴി മാത്രമാണ് കോടതി പരിഗണിച്ചത്. സുപ്രീംകോടതി വിധി സന്തോഷമെന്നായിരുന്നു പിതാവ് അശോകന്റെ പ്രതികരണം. മകളെ തങ്ങളുടെ കസ്റ്റഡിയില്‍ നിന്നും മാറ്റിയെങ്കിലും പഠനം മുടങ്ങരുതെന്ന് മാത്രമാണ് ആഗ്രഹമെന്നായിരുന്നു അശോകന് മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തല്‍.
ശിവ്രാജ് ഹോമിയോ കോളേജിലെ ഡീനിനായിരിക്കും ഹാദിയയുടെ രക്ഷകര്‍ത്താവിന്റെ താല്‍ക്കാലിക ചുമതല. മതം മാറി ഹാദിയയായി മാറിയ അഖില കൊല്ലം സ്വദേശീ ഷെഫീന്‍ ജഹാനുമായി നടത്തിയ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ആറു മാസമായി പിതാവിന്റെ സംരക്ഷണയിലായിരുന്നു. ഇതിനെതിരേ ഷെഫീന്‍ നല്കിയ ഹര്‍ജിയാണ് ഇന്നലെ സുപ്രീംകോടതി പരിഗണിച്ചത്. ഭര്‍ത്താവിനൊപ്പം അയയ്ക്കണമെന്നാണ് ഹാദിയ കോടതിയില്‍ പറഞ്ഞതെങ്കിലും അത് അംഗീകരിക്കാതിരുന്ന കോടതി പിതാവിനൊപ്പം അയയ്ക്കാനും തയ്യാറായിരുന്നില്ല.