EBM News Malayalam

സൗദി സ്വദേശിവല്‍ക്കരണം; ജൂവലറികളില്‍ പരിശോധന ശക്തമാക്കി തൊഴില്‍ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതോടെ ജൂവലറികളില്‍ പരിശോധന ശക്തമാക്കികൊണ്ട് തൊഴില്‍ മന്ത്രാലയം.ഇന്നലെ റിയാദ് പ്രവിശ്യയിലെ 300 സ്ഥാപനങ്ങളില്‍ പരിശോധന നടന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
സ്വദേശിവല്‍ക്കരണവും വനിതാവല്‍ക്കരണവും പ്രഖ്യാപിച്ച സ്ഥാപനങ്ങളില്‍ വിവിധ മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍ കടകള്‍, ജൂവലറികള്‍ എന്നിവിടങ്ങളില്‍ ഇന്നലെ പരിശോധന നടന്നു. റിയാദിലെ ശുമൈസി, ഉലയ്യ മുനിസിപ്പാലിറ്റികളും വാണിജ്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, സുരക്ഷാ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടന്നത്. ജൂവലറി, ലേഡീസ് ഷോപ്പ്, മൊബൈല്‍ ഷോപ്പ് എന്നിവിടങ്ങളില്‍ നടന്ന പരിശോധനകളില്‍ 68 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയത്തിലെ പരിശോധനാ വിഭാഗം മേധാവി ജുറൈദ് അല്‍ ദോസരി വ്യക്തമാക്കി. ഇഖാമ-തൊഴില്‍ നിയമ ലംഘകരായ 18 വിദേശികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിശോധനക്കിടെ നിരവധി സ്ഥാപനങ്ങള്‍ അടച്ചിട്ടതായും കണ്ടെത്തി.
വാണിജ്യ മന്ത്രാലയം കഴിഞ്ഞ മാസം 7,021 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതിനിടെ 800 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമ ലംഘകരില്ലാത്ത രാജ്യം ദേശീയ കാമ്പയിന്റെ ഭാഗമായി ഏഴര മാസം വിദേശികള്‍ക്ക് പൊതുമാപ്പ് നല്‍കിയിരുന്നു. അതിന് ശേഷം നടന്ന പരിശോധനയില്‍ ഒന്നര ലക്ഷത്തിലധികം നിയമ ലംഘകരായ വിദേശികളെയാണ് പൊതുസുരക്ഷാ വകുപ്പ് കസ്റ്റഡിയിലെടുത്തത്.

Leave A Reply

Your email address will not be published.