EBM News Malayalam

സൗദി: നിയമലംഘനത്തിന് പിടിയിലായവരുടെ എണ്ണം മുപ്പത്തയ്യായിരം കവിഞ്ഞതായി റിപ്പോര്‍ട്ട്‌

സൗദി: സൗദിയില്‍ നിയമലംഘനത്തിന് പിടിയിലായ വിദേശികളുടെ എണ്ണം മുപ്പത്തയ്യായിരം കവിഞ്ഞു. അറസ്റ്റിലായവരില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരും നിരവധിയുണ്ട്. പരിശോധന അഞ്ച് ദിവസം പിന്നിട്ടതോടെ കൂടുതല്‍ മേഖലകളിലേക്ക് നീങ്ങുകയാണ്. നാലു ദിവസത്തെ പരിശോധനയില്‍ പിടിയിലായവരുടെ കണക്കാണിപ്പോള്‍ പുറത്തു വന്നത്. ബുധന്‍ മുതല്‍ ശനിയാഴ്ച വരെ പിടിയിലായത് 36,656 പേര്‍. ഇതില്‍ പതിനയ്യായിരത്തിലേറെ പേരെ പിടികൂടിയത് ഇഖാമ നിയമലംഘനത്തിന്. ഇഖാമ ഇല്ലാത്തവരും ഉള്ള ഇഖാമയുടെ കാലാവധി കഴിഞ്ഞവരും അകത്താണ്.
രാജ്യത്തിന്റെ വിവിധ അതിര്‍ത്തികള് വഴി അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചവരെയും അറസ്റ്റ് ചെയ്തു. അയ്യായിരത്തോളം പേര്‍ ഇതിനാണ് അറസ്റ്റിലായത്. തൊഴില്‍ നിയമ ലംഘനത്തിലും മലയാളികളടക്കം നിരവധി പേര്‍ അകത്തായി. അയ്യായിരത്തിലേറെ പേരാണ് തൊഴില്‍ നിയമലംഘനത്തിന് കുടുങ്ങിയത്. കടകളില്‍ കയറിയും ലേബര്‍ ക്യാമ്പുകള് കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ നഗരങ്ങളില്‍ കേന്ദ്രീകരിച്ച പരിശോധന ഇതര ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു.മക്ക പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. റിയാദ്, അസീര്‍ പ്രവിശ്യയിലാണ് തൊട്ടു പിന്നാലെ കൂടുതല്‍ പേരകത്തായത്. നിയമലംഘകര്‍ക്ക് താമസമൊരുക്കിയ മുപ്പതോളം സ്വദേശികളും പിടിയിലായി. നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്‍ വിജയം കാണും വരെ പരിശോധന തുടരും.പൊതുമാപ്പ് കാലാവധി തീര്‍ന്നതൊടെ തുടങ്ങിയതാണ് പരിശോധന.

Leave A Reply

Your email address will not be published.