EBM News Malayalam

സൗദി അടിമുടി മാറുന്നു; സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഇല്ലാതാകും, പുതിയ ഇഖാമ വിവരങ്ങള്‍ പുറത്ത്

റിയാദ്: വിദേശികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പാക്കുകയാണ് ഗള്‍ഫ് രാജ്യമായ സൗദി അറേബ്യ. സ്‌പോണ്‍സര്‍ഷിപ്പ് (കഫീല്‍) സമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കുന്ന തരത്തിലേക്കാണ് മാറുന്നത്. പുതിയ ഇഖാമ പുറത്തിറക്കിയത് ഇതിന്റെ ഭാഗമാണ്. സ്‌പെഷ്യല്‍ പ്രിവിലേജ് ഇഖാമ വിദേശികളെ സൗദിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുമെന്ന് കരുതുന്നു.

സൗദിയില്‍ നിന്ന് പണം കൂടുതലായി പുറത്തേക്ക് ഒഴുകുന്നത് തടയാനും ഇതോടൊപ്പം ചില നീക്കങ്ങള്‍ ഭരണകൂടം നടത്തുന്നുണ്ട്. പുതിയ ഇഖാമ ശൂറാ കൗണ്‍സില്‍ കഴിഞ്ഞദിവസം അംഗീകരിച്ചു. ഈ ഇഖാമ കിട്ടണമെങ്കില്‍ ആറ് നിബന്ധനകള്‍ വിദേശികള്‍ പാലിച്ചിരിക്കണം. ഇഖാമ സംബന്ധിച്ച വിശദ വിവരങ്ങള്‍ സൗദി അറേബ്യ പുറത്തുവിട്ടു.വിദേശികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വകവെച്ചു കൊടുക്കുന്നതാണ് സ്‌പെഷ്യല്‍ പ്രിവിലേജ് ഇഖാമ. സൗദിയിലേക്കുള്ള വരവിലും തിരിച്ചുപോക്കിലും വിദേശികള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകില്ല. സ്‌പോണ്‍സറില്‍ നിന്ന് അനുമതി വേണമെന്ന ആവശ്യവും ഇവര്‍ക്കുണ്ടാകില്ല.റസിഡന്‍സി വിഷയങ്ങള്‍ മാത്രം പരിശോധിക്കുന്നതിന് പ്രത്യേക കേന്ദ്രം സൗദി അറേബ്യ ഒരുക്കുന്നുണ്ട്. സ്‌പെഷ്യല്‍ പ്രിവിലേജ് ഇഖാമയില്‍ രണ്ടുതരത്തിലുള്ള ഇകാമകളാണ് ഇനിയുണ്ടാകുക. സ്ഥിരതാമസത്തിന് സൗകര്യമുള്ളതും താല്‍ക്കാലിക താമസത്തിന് സൗകര്യമുള്ളതും. രണ്ടിനും പ്രത്യേക ഫീസ് ഈടാക്കും.സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ സാധിക്കുമെന്നതുള്‍പ്പെടെ ഒട്ടേറെ ആനുകൂല്യങ്ങള്‍ ഈ ഇഖാമയുള്ളവര്‍ക്കുണ്ടാകും. പക്ഷേ എല്ലാം നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും എന്നു മാത്രം. ഫീസിനത്തില്‍ വന്‍ തുക ഖജനാവിലെത്തുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. സൗദിയുടെ പുതിയ തീരുമാനത്തെ സാമ്പത്തിക വിദഗ്ധര്‍ സ്വാഗതം ചെയ്തു.സൗദിയുടെ സാമ്പത്തിക സാഹചര്യം മാറാന്‍ പോകുന്നുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഒട്ടേറെ വിദേശികള്‍ സൗദിയിലേക്ക് ആകര്‍ഷിക്കപ്പെടും. സ്വന്തമായി ബിസിനസ് ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ എത്തുകയും ചെയ്യും. എന്നാല്‍ സ്വദേശിവല്‍ക്കരണം നടന്ന മേഖലയില്‍ അനുമതി ലഭിക്കില്ല.

Comments
Loading...