സൗദിയില്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് കടുത്ത ശിക്ഷ ; നിയമം ഉടന്‍ പ്രാബല്യത്തില്‍
സൗദി: സൗദിയില്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് കടുത്ത ശിക്ഷ നല്കാന് നീക്കം. ഇതിനായി അഴിമതി വിരുദ്ധ അതോറിറ്റിയുടെ നിര്‍ദേശം അഴിമതി വിരുദ്ധ ഉന്നതസഭക്ക് സമര്‍പ്പിച്ചു. ഉന്നത സഭ അംഗീകാരം നല്കിയാല് നിയമം പ്രാബല്യത്തിലാകും.
സൗദി അഴിമതി നിര്‍മാര്‍ജന അതോറിറ്റിയുടേതാണ് വെളിപ്പെടുത്തല്‍. പൊതുമുതല്‍ സംരക്ഷിച്ച് അഴിമതി ഇല്ലാതാക്കാനാണ് പുതിയ നീക്കം. 26 അനുച്ഛേദങ്ങളുള്ളതാണ് ഇതിനായി തയ്യാറാക്കിയ നിയമാവലി. ഇതിന്റെ കരട് ഉന്നതസഭയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു കഴിഞ്ഞു. അനുമതി ലഭിച്ചാല്‍ ഉടന്‍ നിയമം പ്രാബല്യത്തിലാകുമെന്ന് അഴിമതി നിര്‍മാര്‍ജന അതോറിറ്റി മേധാവി അബ്ദുറഹ്മാന് അല്‍ അജ്-ലാന് പറഞ്ഞു. രാഷ്ട്രത്തിന്റെ പൊതു സമ്പത്ത് സംരക്ഷിക്കുക, ഉദ്യോഗസ്ഥ അഴിമതിയും കൈകൂലിയും അവസാനിപ്പിക്കുക, അനധികൃതമായ സ്വത്ത് സമ്പാദനം നിരീക്ഷിക്കുക എന്നിവ നിയമത്തിന്റെ ലക്ഷ്യമാണ്. ഇതുമായി ബന്ധപ്പെട്ട കുറ്റങ്ങളും ശിക്ഷയും വിശദമാക്കുന്നതാണ് 26 അനുച്ഛേദങ്ങളുള്ള നിയമാവലി.
നിയമ ലംഘനത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും വിവരം നല്കുന്നവര്ക്കുള്ള പാരിതോഷികവും നിയമാവലിയില്‍ പരമാര്‍ശിക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമം പരിഷ്കരിച്ചാകും പുതിയ നിയമാവലി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ കരട്. സൗദിക്ക് പുറത്തുള്ള കമ്പനികളുമായുള്ള കരാറുകളും നിയമത്തിന്റെ പരിധിയില്‍ വരും.