EBM News Malayalam

സംസ്ഥാനത്ത് കോവിഡ്​ പ്രതിരോധത്തിന്​ സൈന്യത്തിന്‍റെ സഹായം തേടിയ ഡല്‍ഹി സര്‍ക്കാറിന്‍റെ ആവശ്യത്തിന്​​ മറുപടി നല്‍കാന്‍ കേന്ദ്രത്തോടാവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ്​ പ്രതിരോധത്തിന്​ സൈന്യത്തിന്‍റെ സഹായം തേടിയ ഡല്‍ഹി സര്‍ക്കാറിന്‍റെ ആവശ്യത്തിന്​​ മറുപടി നല്‍കാന്‍ കേന്ദ്രത്തോടാവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതി. കോവിഡ്​ ആശുപത്രികളിലേക്കും നിരീക്ഷണ സംവിധാനങ്ങളിലേക്കും തടസമില്ലാതെ ഓക്​സിജന്‍ വിതരണം ലഭ്യമാക്കുന്നതിന്‍റെ നിയന്ത്രണം സൈന്യത്തിന്​ കൈമാറണമെന്നാവശ്യപ്പെട്ട്​ ഡല്‍ഹി ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്​ഥാനത്തിലാണ്​ ഡല്‍ഹി ഹൈകോടതിയുടെ നിര്‍ദേശം.

ഓക്​സിജന്‍ ലഭ്യത, വിതരണം എന്നിവ ഉറപ്പുവരുത്തുന്ന ചുമതല ​സൈന്യത്തിന്​ കൈമാറണം. ​ഇത്തരം അവശ്യ സേവനങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവിടെ മറ്റാരുമില്ലെന്ന്​ ഒരു അഭിഭാഷകന്‍ ഹൈകോടതിയെ അറിയിച്ചു.

സംസ്​ഥാനത്തെ ആശുപത്രികളിലെ​ ഓക്​സിന്‍ ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങള്‍ ഡല്‍ഹി ഹൈകോടതി പരിഗണിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്​റയാണ്​ ഡല്‍ഹി സര്‍ക്കാറിന്​ വേണ്ടി ഹാജരായത്​.

ഓക്​സിജന്‍ വിതരണം സമയോചിതമായി നടപ്പാക്കാന്‍ ​ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങിന്​ ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ കത്തെഴുതിയതായി ഡല്‍ഹി ഹൈകോടതിയെ അ​ഭിഭാഷകന്‍ അറിയിച്ചു.ആശുപത്രിയുടെ നിയന്ത്രണം ജില്ല മജിസ്​ട്രേറ്റ്​ ഏറ്റെടുക്കണമെന്ന ആവശ്യം ധ്വാരക ആശുപത്രി അധികൃതര്‍ ഹൈകോടതിയില്‍ ഉന്നയിച്ചിരുന്നു.

‘ആശുപത്രിയുടെ ഉടമകള്‍ സൗദി അറേബ്യയിലാണ്​. ഇവി​ടത്തെ കാര്യങ്ങള്‍ അവിടെയിരുന്ന്​ നിയന്ത്രിക്കാന്‍ കഴിയില്ല. എന്നാല്‍ ആശുപത്രിയുടെ താക്കോല്‍ ജില്ല മജിസ്​ട്രേറ്റിന്​ കൈമാറാന്‍ തയാറാണ്​. ഞങ്ങള്‍ക്ക്​ 77 കിടക്കകളും വെന്‍റിലേറ്ററുകളും മറ്റു സൗകര്യങ്ങളുമുണ്ട്​. ആശുപത്രി സര്‍ക്കാന്‍ ഏറ്റെടുക്കണം’ -ആശുപത്രി അധികൃതര്‍ ഹൈകോടതിയെ അറിയിച്ചു.

കോവിഡ്​ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം ഒന്നടങ്കം തകിടം മറിഞ്ഞിരിക്കുകയാണ് . പല ആശുപത്രികളിലും ഓക്​സിജന്‍ ക്ഷാമവും കിടക്കകളുടെ അഭാവവും വെല്ലുവിളിയാകുന്നുണ്ട്​.ഓക്​സിജന്‍ ലഭ്യമല്ലാത്ത കാരണത്താല്‍ ശനിയാഴ്ച മാത്രം മുതിര്‍ന്ന ഡോക്​ടര്‍ അടക്കം 12 കോവിഡ്​ രോഗികളാണ്​ ബത്ര ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത് .

Comments are closed.