വ്യാജമദ്യ ദുരന്തം മൂന്നുപേര്‍ മരിച്ചു; സര്‍ക്കാരിനെതിരെ പ്രതിഷേധം രൂക്ഷം
പറ്റ്ന: മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ മൂന്നുപേര്‍ വ്യാജമദ്യം കഴിച്ചു മരിച്ചു. വൈശാലി ജില്ലയിലാണ് സംഭവം. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 4,000 ലിറ്റര്‍ മദ്യം പിടിച്ചെടുത്തിട്ടുണ്ട്. വ്യാജമദ്യം കഴിച്ചിട്ടാണ് മരണമെന്ന് മരണമെന്ന് പോലീസ് അറയിച്ചിട്ടുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കൂയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഗ്രാമമുഖ്യനും പ്രദേശവാസികളും സര്‍ക്കാരിനും പോലീസിനുമെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞമാസമാണ് രോഹ്താസ് ജില്ലയില്‍ നാലുപേര്‍ വ്യാജമദ്യം കഴിച്ച് മരിച്ചത്. സംഭവത്തില്‍ എട്ടു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ തലതിരിഞ്ഞ മദ്യനയം മൂലമാണെന്നാണ് ആരോപണം. മദ്യം നിരോധിച്ച സര്‍ക്കാര്‍ മദ്യമാഫിയയെ സഹായിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ പിന്നാലെ മദ്യം നിരോധിച്ചത്.