EBM News Malayalam

വോട്ടു പിടിക്കുന്നത് ജാതി, മതം, വംശം എന്നിവയുടെ പേരിലാകരുത്; സുപ്രീം കോടതി

ന്യൂഡല്‍ഹി : ജാതിയുടെയോ സമുദായത്തിന്‍റെയോ ഭാഷയുടേയോ പേരില്‍ പ്രചാരണം പാടില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തിരഞ്ഞെടുപ്പു മതേതരപ്രക്രിയയാണെന്നും വ്യക്തമാക്കി. ജനപ്രതിനിധിയുടെ പ്രവർത്തനങ്ങള്‍ മതേതരമായിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തിപരമാണ്. അതില്‍ ഭരണകൂടത്തിന് ഇടപെടാൻ അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പു നേട്ടങ്ങൾക്കായി മതത്തെ ഉപയോഗപ്പെടുത്തുന്നതു തിരഞ്ഞെടുപ്പു നിയമപ്രകാരം അഴിമതി വിഭാഗത്തിൽ ഉൾപ്പെടുത്താമോ എന്ന കാര്യവും കോടതി പരിശോധിച്ചു. ഹിന്ദുത്വം മതമല്ല, ജീവിത രീതിയാണെന്ന വിധിക്കെതിരായ ഹർജികൾ കോടതി തീർപ്പാക്കി.

സുപ്രീംകോടതി ഭരണഘടനാ ബഞ്ചിലെ ഏഴിൽ മൂന്ന് ജഡ്ജിമാർ വിധിയോട് വിയോജിച്ചു. മൗലിക അവകാശം തെരഞ്ഞെടുപ്പിലും ബാധകമെന്ന് വിയോജിപ്പ് അറിയിച്ചുകൊണ്ട് മൂന്ന് ജഡ്ജിമാർ വ്യക്തമാക്കി. 1995ൽ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് ഒരു തിരഞ്ഞെടുപ്പുകേസിൽ ‘ഹിന്ദുത്വം എന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയുമാണ്’ എന്നു പറഞ്ഞിരുന്നു. തുടർന്ന്, ഈ കാര്യം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ 2014 ഫെബ്രുവരിയിൽ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു.

Comments are closed, but trackbacks and pingbacks are open.