EBM News Malayalam

വിദ്യാഭ്യാസമന്ത്രി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു

വടകര: വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മരണപ്പെട്ട പാമ്പാടി നെഹ്രു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു. ജിഷ്ണുവിന്‍റെ അച്ഛനെയും അമ്മയെയും മന്ത്രി ആശ്വസിപ്പിച്ചു. വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നും ഇത് ഒരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു. സംഭവത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ഇത്തരം ഒരു സംഭവം ഇനി ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍ ഇതിനകം സ്വീകരിച്ചുകഴിഞ്ഞു. സര്‍വ്വകലാശാല തലത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും സംഭവത്തില്‍ അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. മകന്‍റെ മരണത്തിന് ഉത്തരവാദികള്‍ കോളജ് മാനേജ്മെന്റാണ്. തന്‍റെ മകന് കോപ്പിയടിക്കേണ്ട ആവശ്യമില്ലെന്നും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ജിഷ്ണുവെന്നും അമ്മ മന്ത്രിയോട് പറഞ്ഞു. രാജ്യത്തിന് അഭിമാനമായി വളരേണ്ടവനായിരുന്നു. അവന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. എല്ലാവരും ഒരുമിച്ച് നിന്ന് തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ജിഷ്ണുവിന്‍റെ അമ്മ മന്ത്രിയോട് ആവശ്യപെട്ടു.

Comments are closed, but trackbacks and pingbacks are open.