ലഹരിവിരുദ്ധ ബോധവത്ക്കരണത്തിന് ട്രംപിന്റെ ശമ്പളം സംഭാവന ചെയ്തു
വാഷിംഗ്ടണ്‍: ലഹരിമരുന്നുജന്യ രോഗങ്ങൾക്കെതിരായ പോരാട്ടത്തിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശമ്പളം സംഭാവന ചെയ്തു. മൂന്നാം ക്വാർട്ടറിൽ ലഭിച്ച ഒരു ലക്ഷം ഡോളറാണ് ആരോഗ്യ, മനുഷ്യ സേവന വകുപ്പിന് സംഭാവന നൽകിയത്. ആദ്യ രണ്ടു ക്വാർട്ടറുകളിൽ ലഭിച്ച തുകയും ട്രംപ് സംഭാവന ചെയ്തിരുന്നു.
അമിത ലഹരി മരുന്ന് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ സംബന്ധിച്ച ബോധവത്കരണ പരിപാടികൾക്കായി ട്രംപിന്റെ സംഭാവന വിനിയോഗിക്കുമെന്ന് ആക്ടിക് ആരോഗ്യ സെക്രട്ടറി എറിക് ഹർഗൻ പറഞ്ഞു. അമിത ലഹരി മരുന്ന് ഉപയോഗം മൂലം യുഎസിൽ ദിവസേന 175 പേരാണ് മരിക്കുന്നതെന്നും ഹർഗൻ കൂട്ടിച്ചേർത്തു.
പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ടാൽ താൻ ശമ്പളം വാങ്ങില്ലെന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭരണഘടനപ്രകാരം ശമ്പളം നിരസിക്കാൻ വ്യവസ്ഥയില്ല. അതിനാൽ ശമ്പളമായി ലഭിക്കുന്ന തുക വിവിധ പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവന നൽകുകയാണ് ട്രംപ്. നാലുലക്ഷം ഡോളറാണ് അമേരിക്കൻ പ്രസിഡന്റിന്റെ വാർഷിക ശമ്പളം.