EBM News Malayalam

ലാഭത്തിലായിരുന്ന ഓഹരി വിപണിയില്‍ നേരിയ നഷ്‌ടം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ ലാഭപാതയിലായിരുന്ന സെന്‍സെക്‌സ്‌ 9.10 പോയിന്റ്‌ നഷ്‌ടത്തില്‍ 27,238.06ലും ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 6.85 പോയിന്റ്‌ താഴ്‌ന്ന്‌ 8,400.35 ലും വ്യാപാരം അവസാനിപ്പിച്ചു. ബ്ലൂചിപ്‌ ഓഹരികളായ ടി.സി.എസ്‌, ഇന്‍ഫോസിസ്‌ എന്നിവ മങ്ങിയതാണ്‌ വിപണിക്ക്‌ തിരിച്ചടിയായത്‌. തങ്ങളുടെ മേധാവിയായിരുന്ന എന്‍. ചന്ദ്രശേഖരന്‍ ടാറ്റാ സണ്‍സ്‌ ചെയര്‍മാന്‍ പദത്തിലേക്ക്‌ അവരോധിതനായതാണ്‌ ടി.സി.എസ്‌. ഓഹരികളെ പ്രതികൂലമായി ബാധിച്ചത്‌. പുതിയ മേധാവിക്കു കീഴില്‍ ടി.സി.എസിന്‍റെ ഭാവി സംബന്ധിച്ച ആശങ്കകള്‍ നിക്ഷേപകരെയും പിടികൂടി. ഇതോടെ ഓഹരിവിലയില്‍ 3.90 ശതമാനത്തിന്‍റെ ഇടിവാണ്‌ ടി.സി.എസ്‌. ഇന്നലെ രേഖപ്പെടുത്തിയത്‌. രാജ്യത്തെ ഐടി വമ്പന്‍മാരില്‍ രണ്ടാമനായ ഇന്‍ഫോസിസിനും ആഴ്‌ചാവസാന വ്യാപാരദിനത്തില്‍ കാലിടറി. 2.49 ശതമാനത്തിന്‍റെ നഷ്‌ടമാണ്‌ ഇന്‍ഫോസിസ്‌ ഓഹരികള്‍ രേഖപ്പെടുത്തിയത്‌. എന്‍.ടി.പി.സി, മാരുതി സുസൂക്കി, ഹീറോ മോട്ടോ കോര്‍പ്‌, ഡോ. റെഡ്‌ഡി, ബജാജ്‌ ഓട്ടോ, എല്‍ ആന്‍ഡ്‌ ടി, ടാറ്റാ മോട്ടേഴ്‌സ്‌, ഭാരതി എയര്‍ടെല്‍ എന്നിവയുടെ ഓഹരികള്‍ക്കും ഇന്നലെ തിരിച്ചടി നേരിട്ടു. ആക്‌സിസ്‌ ബാങ്ക്‌, ഐ.ടി.സി, ഗെയില്‍, എച്ച്‌.ടി.എഫ്‌.സി. സണ്‍ ഫാര്‍മ, ഒ.എന്‍.ജി.സി. എന്നിവ നേട്ടം സ്വന്തമാക്കിയത്‌ വന്‍ തകര്‍ച്ചയില്‍നിന്ന്‌ വിപണിയെ കരകയറ്റി.

Comments are closed, but trackbacks and pingbacks are open.