റെയില്‍വേ അപകടങ്ങള്‍ ദിനംപ്രതി കൂടുന്നതായി റിപ്പോര്‍ട്ട്: 12 മണിക്കൂറിനിടെ നാല് അപകടങ്ങളില്‍ ഏഴുപേര്‍ മരിച്ചു
മുംബൈ: റെയില്‍വേ അപകടങ്ങള്‍ ദിനംപ്രതി കൂടുന്നതായി റിപ്പോര്‍ട്ട്.ഇന്ത്യന്‍ റെയില്‍വേയ്ക്ക് ദുരന്തത്തിന്റെ ദിനം. 12 മണിക്കൂറിനിടെയുണ്ടായ നാല് അപകടങ്ങളില്‍ ഏഴുപേര്‍ക്കു ജീവഹാനി. പലതും വന്ദുരന്തങ്ങളാകാത്തത് യാത്രക്കാരുടെ ഭാഗ്യംകൊണ്ടുമാത്രം.
മൂന്ന് അപകടങ്ങള്‍ ഉത്തര്‍പ്രദേശിലും ഒരെണ്ണം ഒഡീഷയിലുമാണുണ്ടായത്. രണ്ടിടത്ത് ട്രെയിന്‍ കോച്ചുകള്‍ പാളംതെറ്റിയപ്പോള്‍ ഒരിടത്ത് വാഗണില്‍നിന്നു എന്ജിന് വേര്‍പെട്ട് ഓടി. കാവലില്ലാത്ത ലെവല്‍ക്രോസിങ്ങില്‍ കാറില്‍ ട്രെയിനിടിച്ചാണു മറ്റൊരു അപകടം.
വ്യാഴാഴ്ച വൈകിട്ട് 7.19-ന് അമേത്തിയിലെ കാവലില്ലാത്ത ലെവല്‍ക്രോസിങ്ങില്‍ വിവാഹസംഘം സഞ്ചരിച്ച ബൊലേറോയില്‍ പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ച് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്കു പരുക്ക്.
ഇന്നലെ പുലര്‍ച്ചെ 4.18-ന് യു.പിയിലെ ചിത്രകൂട് ജില്ലയിലെ മണിക്പുര്‍ റെയില്‍വേ സ്റ്റേഷനു സമീപം വാസ്കോഡഗാമ എക്സ്പ്രസ് പാളംതെറ്റി അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ഒന്‍പതുപേര്‍ക്കു പരുക്ക്. ഇതിനുപിന്നാലെ ഒഡീഷയില്‍ ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി. ഗോരകാന്തിനും രഘുനാഥ്പുരിനും ഇടയില്‍ ഇന്നലെ പുലര്‍ച്ചെ 5.55-നായിരുന്നു അപകടം. ആളപായമില്ലെങ്കിലും അതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ രണ്ടു തവണയാണു ജമ്മു-പട്ന അര്‍ച്ചന എക്സ്പ്രസിന്റെ എന്‍ജിനും ബോഗിയും തമ്മിലുള്ള ബന്ധം വിട്ടത്. 2.35-നാണ് ആദ്യം കോച്ചുമായുള്ള ബന്ധംവിട്ട് എന്ജിന് ഒറ്റയ്ക്ക് ഓടിയത്. പ്രശ്നം പരിഹരിച്ച് യാത്രതുടര്‍ന്നെങ്കിലും രാവിലെ 5.25-ന് വീണ്ടും ഇതേപ്രശ്നം ആവര്‍ത്തിച്ചു. പിന്നീട് പുതിയ എന്ജിന് എത്തിച്ചശേഷമാണു യാത്രതുടര്‍ന്നത്.