‘റിച്ചി’ വിവാദം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങി രൂപേഷ്
നിവിന്‍ പോളി ചിത്രമായ റിച്ചിയെ വിമര്‍ശിച്ച സംവിധായകന് രൂപേഷ് പീതാംബരനെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിന് പിന്നാലെ പുതിയ നീക്കവുമായി രൂപേഷ് രംഗത്ത്.
റിച്ചിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്റെ ഇമേജ് മോശമാക്കാന്‍ നീക്കം നടത്തിയെന്ന് വ്യക്തമാക്കി മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനാണ് രൂപേഷ് പീതാംബരന്റെ തീരുമാനം. ചിത്രം പരാജയപ്പെട്ടതിന് കാരണം തന്റെ ഫേസ്ബുക്ക് പോസ്റ്റാണെന്ന തരത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയ സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരമൊരു നീക്കത്തിലേക്ക് തിരിഞ്ഞത്.
റിച്ചിയുടെ നിര്‍മാതാക്കളായ ആനന്ദ് കുമാറും വിനോദ് ഷൊര്‍ണൂരുമാണ് ഫോര്‍ യെസ് കമ്പനിയുടെ പേരില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ രൂപേഷ് പീതാംബരനെതിരേ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് അദ്ദേഹം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്.
രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ചെയ്ത ‘ഉളിദവരു കണ്ടതെ’ എന്ന കന്നട ചിത്രത്തിന്റെ റീമേയ്ക്ക് ആയിരുന്നു റിച്ചി. എന്നാല്‍ ഒരു മാസ്റ്റര്‍പീസ് ചിത്രത്തെ വെറും പീസാക്കി കളഞ്ഞു എന്നാണ് റിച്ചിക്കെതിരെ രൂപേഷ് ഉയര്‍ത്തിയ ആരോപണം. തുടര്‍ന്ന് രൂപേഷിനെതിരെ നിവിന്‍ ഫാന്‍സിന്റെ പ്രതിഷേധവും ശക്തമായിരുന്നു.