EBM News Malayalam

രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ പരസ്യങ്ങളില്‍ നിന്നു നീക്കം ചെയ്യണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പരസ്യങ്ങളില്‍ നിന്നു രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൊതുപണം ഉപയോഗിച്ചുള്ളതാണെന്നും അത് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കാനുള്ളതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍റെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അതാത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് ഉത്തരവ്. എന്നാല്‍ കുടുംബാസൂത്രണം, സാമുഹ്യക്ഷേമ, പൊതുജനങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാം. എന്നാല്‍ അവയില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേട്ടങ്ങള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും നേതാക്കളുടെ പേരുകളോ, ചിഹ്നങ്ങളോ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

സര്‍ക്കാര്‍ പരസ്യങ്ങള്‍ ഏതെങ്കിലും പദ്ധതികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ നേട്ടമായി വ്യാഖ്യാനിക്കുന്ന ബോര്‍ഡുകളും ബാനറുകളും നീക്കണം. രാഷ്ട്രീയ നേതാവെന്ന നിലയിലുള്ള പ്രതിച്ഛായ പൊതു ഖജനാവിന്‍റെ ചെലവില്‍ വര്‍ധിപ്പിക്കാനുതകുന്ന ബോര്‍ഡുകളും ബാനറുകളും പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ഇത്തരം ബോര്‍ഡുകള്‍ പൊതുജനത്തിന്‍റെ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിക്കുന്നതിന് തുല്യമാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.

Comments are closed, but trackbacks and pingbacks are open.