“മോദിക്കെതിരെ ഉയരുന്ന കൈകള്‍ ഛേദിക്കണം”- ബിജെപി അധ്യക്ഷന്‍ ഉജിയര്‍പുര്‍
ബിഹാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയരുന്ന കൈകള്‍ ഛേദിക്കണമെന്ന് ബിഹാര്‍ ബിജെപി അധ്യക്ഷനും എംപിയുമായ ഉജിയര്‍പുര്‍ നിത്യാനന്ദ റായ്. ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് മോദി രാജ്യത്തെ നയിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ ഉയരുന്ന കൈകള്‍ തല്ലിയൊടിക്കുകയോ ഛേദിക്കുകയോ ചെയ്യണമെന്നാണ് നിത്യാനന്ദ ആഹ്വാനം ചെയ്തത്.
ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ആളാണ് നരേന്ദ്ര മോദി. അദ്ദേഹത്തിനെതിരെ വിരല്‍ ചൂണ്ടാന്‍ ആരെയും അനുവദിക്കരുതെന്ന് നിത്യാനന്ദ റായി തുടര്‍ന്നു. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡി വേദിയിലിരിക്കെയാണ് ബിജെപി അധ്യക്ഷന്റെ ഭീഷണി.
പരാമര്‍ശം വിവാദമായതോടെ കൈവെട്ടണമെന്ന പ്രയോഗം താന്‍ ആലങ്കാരികമായി പറഞ്ഞതാണെന്ന് നിത്യാനന്ദ റായ് വിശദീകരിച്ചു. രാജ്യത്തിന്റെ ആത്മാഭിമാനത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.