മുന്‍ മന്ത്രി യശ്വന്ത് സിന്‍ഹ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയില്‍
മുംബൈ: വിദര്‍ഭ മേഖലയിലെ കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച കര്‍ഷക പ്രക്ഷോഭം നയിച്ച യശ്വന്ത് സിന്‍ഹയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മഹാരാഷ്ട്രയിലെ അകോലയില്‍ നിന്നാണ് തിങ്കളാഴ്ച വൈകിട്ട് മുന്‍ എന്‍.ഡി.എ സര്‍ക്കാരിലെ മന്ത്രിയായിരുന്ന സിന്‍ഹയെ കസ്റ്റഡിയില്‍ എടുത്തത്. ജില്ലാ കലക്റേറ്റ് പരിസരത്തുനിന്നാണ് സിന്‍ഹയേയും മറ്റ് 250 ഓളം കര്‍ഷകരേയും ബോംബെ പോലീസ് ആക്ട് പ്രകാരം കസ്റ്റഡിയില്‍ എടുത്തതെന്ന് എസ്.പി രകേഷ് കലാസാഗര്‍ അറിയിച്ചു.
മേഖലയിലെ പരുത്തി, സോയബീന്‍ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ഇവര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. അകോല പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഇവരെ പിന്നീട് വിട്ടയച്ചുവെങ്കിലും പോകാന്‍ തയ്യാറായില്ല. വിട്ടയച്ചാല്‍ തങ്ങള്‍ വീട്ടിലേക്ക് പൊയ്ക്കൊള്ളുമെന്നാണ് പോലീസ് കരുതുന്നതെങ്കില്‍ അത് തെറ്റാണെന്ന് സിന്‍ഹ പറഞ്ഞു. കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാരിന് അതീവ ജാഗ്രതയുണ്ടെന്നും ബിടി കോട്ടണ്‍ കമ്ബനികള്‍ക്കെതിരെ കേസുകള്‍ എടുത്തിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അസിത് കുമാര്‍ പാണ്ഡെ അറിയിച്ചു.
ബി.ജെ.പി അധികാരത്തിലെത്തും മുന്‍പ് കര്‍ഷകര്‍ക്ക് 50 ശതമാനമോ അതിലധികമോ മിനിമം തങ്ങുവില നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ ബി.ജെ.പി അതെല്ലാം മറന്നുവെന്നും സിന്‍ഹ ആരോപിച്ചു. അതിര്‍ത്തിയില്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയപോലെ നീതി വൈകിയാല്‍ സര്‍ക്കാരിനെതിരെ കര്‍ഷകരുടെ സര്‍ജിക്കല്‍ സ്ട്രൈറ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുമായി അകന്ന സിന്‍ഹ അടുത്തകാലത്തായി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് നടത്തുന്നത്. വ്യാജഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജിയുടെ ദുരൂഹ മരണത്തില്‍ അമിത് ഷായ്ക്കെതിരെ പരസ്യമായി സിന്‍ഹ രംഗത്തെത്തിയിരുന്നു.