മിശ്ര വിവാഹങ്ങള്‍ക്ക് 2.5 ലക്ഷം ധനസഹായം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വധുവോ വരനോ ദലിത് വിഭാഗത്തില്‍ നിന്നാവുന്ന മിശ്ര വിവാഹങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2.5 ലക്ഷം രൂപ നല്‍കും. നേരത്തെ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് മാത്രമായിരുന്നു ഈ ധനസഹായം ലഭിച്ചിരുന്നത്.
മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭരണഘടനാ ശില്പി ഡോ. അംബേദ്കറുടെ പേരിലുള്ള പദ്ധതി 2013ലാണ് ആരംഭിച്ചത്. പ്രതിവര്‍ഷം 500 ദമ്പതികള്‍ക്ക് ഈ തുക എത്തിക്കുകയെന്ന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. എന്നാല്‍ പദ്ധതി ഇനിയും ലക്ഷ്യത്തോടടുത്തിട്ടില്ല. മോശം തുടക്കമാണ് പദ്ധതിക്ക് ലഭിച്ചത്. 2014-2015 കാലത്ത് അഞ്ച് ദമ്പതികള്‍ മാത്രമാണ് ഈ പണം കൈപറ്റിയത്. 2015-2016 കാലത്ത് 72 ദമ്ബതികള്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തി.
കര്‍ശനമായ നിയമാവലികളാണ് പദ്ധതിക്ക് മോശം തുടക്കം നല്‍കിയത്. ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ വിവാഹിതര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇത് കാരണം സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ദമ്ബതികള്‍ ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ല. അഞ്ച് ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധിയും പദ്ധതിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
അതേസമയം ദമ്പതികളുടെ മൊത്തം വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയരുതെന്ന് സാമൂഹ്യ നീതി- ശാക്തീകരണ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ദമ്പതികളുടെ ബാങ്ക് അക്കൗണ്ടുകളും ആധാര്‍ നമ്പറുകളുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.