EBM News Malayalam

“മാധ്യമങ്ങള്‍ ദുരന്തങ്ങളെ ഉത്സവപ്പറമ്പാക്കുന്നവര്‍”മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് എംഎല്‍എ എം സ്വരാജ്

കൊച്ചി: മാധ്യമ പ്രവര്‍ത്തകരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്‌ എം സ്വരാജ് എംഎല്‍എ. ദുരന്തങ്ങളെ ഉത്സവപ്പറമ്ബാക്കി മാറ്റുകയാണ് മാധ്യമങ്ങള്‍. ഇത് മനുഷ്യത്വത്തിന് തന്നെ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങള്‍ ഉത്സവങ്ങളല്ല എന്ന തലകെട്ടോടെ തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദുരന്തങ്ങളുണ്ടാവുമ്ബോള്‍ ഒരാഴ്ചയ്ക്കുള്ള വിഭവം കിട്ടിപ്പോയി എന്ന് ചിന്തിക്കുന്നവരാണോ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍? ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ ഓഫീസില്‍ ലഡു വിതരണം നടത്തുന്നുണ്ടാവുമോ? നമ്മുടെ മാധ്യമങ്ങളുടെ പൊതു രീതി കാണുമ്ബോള്‍ തോന്നുന്ന സംശയമാണിതെന്നും അദ്ദേഹം പറയുന്നു.
‘ഓഖി’ എന്നു പേരിട്ട ഒരു ചുഴലിക്കൊടുങ്കാറ്റിന്റെ രൂപത്തിലാണ് ഇപ്പോള്‍ ദുരന്തം നമ്മെ വേട്ടയാടുന്നത്. ഓരോ ദുരന്തവും ബാധിത മേഖലയിലാകെ ഭയവും ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കും. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണുനീര്‍ കടലായി മാറുന്ന ദുരന്തങ്ങളെ ഉത്സവപ്പറമ്ബാക്കി മാറ്റുന്ന മലയാള മാധ്യമ പ്രവര്‍ത്തനം മനുഷ്യത്വത്തിന് ഭീഷണിയാണ്. എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് സ്ഥാപിക്കാന്‍ എവിടെ നിന്നോ അച്ചാരം പറ്റിയിട്ടുണ്ടെന്ന് സംശയിക്കത്തക്കവിധം അത്യദ്ധ്വാനം ചെയ്യുകയാണ് കുറച്ച്‌ മാധ്യമങ്ങളെന്നും അദ്ദേഹം ആരോപിക്കുന്നു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് സ്ഥാപിക്കാന്‍ എവിടെ നിന്നോ അച്ചാരം പറ്റിയിട്ടുണ്ടെന്ന് സംശയിക്കത്തക്കവിധം അത്യദ്ധ്വാനം ചെയ്യുകയാണ് കുറച്ച്‌ മാധ്യമങ്ങള്‍ .
സര്‍ക്കാര്‍ ഉണരാന്‍ വൈകി എന്ന് എഴുതിയ മനോരമയും 30 ന് നല്‍കിയ കാലാവസ്ഥാ മുന്നറിയിപ്പില്‍ ചുഴലിക്കാറ്റ് വീശുമെന്നോ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നോ ഉണ്ടായിരുന്നില്ല. മനോരമയും ഉണരാന്‍ വൈകിയതാവുമോ ? 30 ന് പുലര്‍ച്ചെ 1.30 നും രാവിലെ 8.30 നും ലഭ്യമായ മുന്നറിയിപ്പിലും ചുഴലിക്കാറ്റ് ഭീഷണി ഇല്ല എന്ന് മനോരമ തന്നെ വ്യക്തമാക്കുന്നുണ്ട്. പക്ഷെ LDF സര്‍ക്കാരിനെ അക്രമിക്കാനുള്ള തീരുമാനം നേരത്തെ ഉള്ളതിനാല്‍ ആ പണി നിര്‍വഹിക്കുന്നു എന്നു മാത്രം.
ദുരന്തങ്ങള്‍ ഉണ്ടാവുമ്ബോള്‍ എം എല്‍ എ ,എംപി , മന്ത്രി ,മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയവരെല്ലാം സംഭവസ്ഥലത്ത് ഓടിയെത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇതൊരു സാമാന്യമായ പൊതുബോധമാണ്. ചെറിയൊരു അപകടമുണ്ടായാലും സംഭവസ്ഥലത്ത് ജനപ്രതിനിധികള്‍ നേരിട്ടെത്തണമെന്നാണ് പൊതുബോധം. ഈ പൊതുബോധം അരക്കിട്ടുറപ്പിക്കുന്ന ജോലിയാണ് നമ്മുടെ മാധ്യമങ്ങള്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ദുരന്തത്തെ ആഘോഷിക്കരുത്. ഉത്സവമാക്കരുത്. മുഖ്യമന്ത്രി നേരിട്ട് വന്ന് കാണണമെന്ന പൊതുബോധത്തിന് ചൂട്ടു പിടിക്കലല്ല മാധ്യമ ധര്‍മം. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായകമാവുന്ന വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും ഉയര്‍ത്തുകയെന്നതാണ് മിനിമം മനുഷ്യത്വം. ഏത് ദുരന്തമുണ്ടായാലും ഭരണാധികാരികള്‍ കാഴ്ച കാണാന്‍ സംഭവസ്ഥലത്ത് ഓടിയെത്തുകയല്ല വേണ്ടതെന്നും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആകാവുന്നത്ര കുറ്റമറ്റതാക്കാനുള്ള ഭരണപരമായ നടപടികള്‍ക്ക് ഫലപ്രദമായി നേത്രത്വം കൊടുക്കുകയാണ് ആവശ്യമെന്നും ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമുക്കെന്തോ കുഴപ്പമുണ്ട്. തീര്‍ച്ച എന്ന് പറഞ്ഞുകൊണ്ടാണ് എം സ്വരാജ് എംഎല്‍എ തന്റഎ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.