EBM News Malayalam

മഹാ സുദര്‍ശനയന്ത്രം

മഹാസുദര്‍ശനം എന്ന പേര് കേള്‍ക്കാത്തവര്‍ വിരളമാണ്. കാരണം മാന്ത്രികയന്ത്രം എന്ന പേരു കേള്‍ക്കുമ്പോള്‍ത്തന്നെ നാവിന്‍തുമ്പില്‍ ഓടിയെത്തുന്ന നാമം മഹാസുദര്‍ശനത്തിന്റേത് തന്നെയാവും. അത്രയ്ക്ക് പുകള്‍പെറ്റതാണ് ഈ യന്ത്രം. ‘യന്ത്രരാജാവ്’ എന്നൊരു വിശേഷണം കൂടി സുദര്‍ശന യന്ത്രത്തിനുണ്ട്.

‘ഭൂതപ്രേത പിശാചാഭിചാര ദോഷഹരം പരം
ശത്രുസംഹാരകം സര്‍വ്വലോക വശ്യകരം തഥാ
ധനധാന്യധരാ നാരീ സല്‍കീര്‍ത്യാദികമാവഹേത്
ബഹുനാ കിമിഹോക്‌തേന വാഞ്ജിതാര്‍ത്ഥാന്‍ ഹി സര്‍വ്വശ.
കല്പവല്ലീ തഥാകാമധേനുശ്ചാപി യഥാര്‍ത്ഥിനാം
ദദാതി വിധൃതം ചക്രയന്ത്രമേതന്ന സംശയഃ

ഭൂത പ്രേത പിശാചുക്കളുടെ ഉപദ്രവങ്ങള്‍ മൂലവും ആഭിചാര കൈവിഷ പ്രയോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന ദോഷങ്ങളും എല്ലാം തന്നെ യഥാവിധി നിര്‍മ്മിച്ച സുദര്‍ശന യന്ത്രത്തിന്‍റെ സാമീപ്യം കൊണ്ടു മാറുന്നു. ശത്രുക്കളെ ഇല്ലായ്മ ചെയ്യുന്നതിനോടൊപ്പം സര്‍വ്വ ലോകങ്ങളേയും വശീകരിക്കുകയും ചെയ്യുന്നു. സല്‍കീര്‍ത്തി ധനം, ധാന്യം, ഭൂസ്വത്ത് മുതലായവയെല്ലാം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. നിരന്തരം ഉപദ്രവങ്ങള്‍ ചെയ്യുന്നവര്‍ ശത്രുത വെടിഞ്ഞ് സഹായഹസ്തവുമായിവരും. അല്പവൃക്ഷവും കാമധേനുവും വാഞ്ഛിതങ്ങളെ പ്രദാനം ചെയ്യുന്നതുപോലെ ഈ സുദര്‍ശനയന്ത്രം സകലാഭീഷ്ടങ്ങളേയും സാധിപ്പിച്ചു തരുന്നതാണ്.

മഹാസുദര്‍ശന മന്ത്രം

ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീ
ജനവല്ലഭായ പരായ പരം പുരുഷായ
പരമാത്മനേ പരകര്‍മ്മ മന്ത്ര യന്ത്രൗഷധാസ്ത്ര-
ശസ്ത്രാണി സംഹര സംഹര മൃത്യോര്‍ മോചയ
മോചയ ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്‌റേ ജ്വാലാ പരീതായ സര്‍വ്വ-
ദിക്‌ക്ഷോഭണകരായ ബ്രഹ്മണേ
പരം ജ്യോതിഷേ ഹും ഫട്.’

മഹാസുദര്‍ശനയന്ത്രം നേരിയ വ്യത്യാസത്തോടെ പല ഭാവങ്ങളിലായി രചിക്കപ്പെട്ടിട്ടുണ്ട്. എല്ലാ യന്ത്രങ്ങളും ശക്തിപ്രഭാവമുള്ളതു തന്നെ. ആചാര്യന്മാരുടേയും ദേശത്തിന്‍റെയും പ്രത്യേകതകളും ധരിക്കുന്ന ആളിന്‍റെ ആവശ്യകതയും മുന്‍നിര്‍ത്തി ഋഷീശ്വരന്മാര്‍ വ്യത്യസ്തതകള്‍ പാലിച്ച് യന്ത്രരചന നടത്തി എന്ന് വിശ്വസിക്കുകയാണുചിതം. ചില യന്ത്രങ്ങളില്‍ മന്ത്രാന്തരങ്ങളും കടന്നുവന്നിട്ടുണ്ട്. എന്നിരിക്കിലും രചനയിലെ വ്യത്യാസം യന്ത്രനിര്‍മ്മാണത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. സുദര്‍ശന യന്ത്രങ്ങള്‍ക്കെല്ലാം തന്നെ പൊതുവായ ഒരു യന്ത്രസംസ്‌ക്കാരവിധി തന്നെയാണുള്ളത്. വിസ്താര ഭയത്താല്‍ മറ്റുള്ള സുദര്‍ശന യന്ത്രങ്ങളുടെ വിവരണം ഇവിടെ നല്‍കുന്നില്ല.

Comments are closed, but trackbacks and pingbacks are open.